നാഗ്പൂര്‍: നാഗ്പൂരിൽ പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒൻപത് പേർ അറസ്റ്റിൽ. ദരിദ്ര കുടുംബത്തിൽ അംഗമായ എട്ടാം ക്ലാസ്സുകാരിയെയാണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വിവരം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ ഭീഷണിപ്പെടുത്തുകയും 300 രൂപ കൈയിൽ വച്ച് കൊടുക്കുകയും ചെയ്തു.
ഒരു കൊലപാതക കേസിൽ നാഗ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ട ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നത്. സ്വർണമോതിരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ശുഭം ധാമു എന്നയാളെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ അറസ്റ്റിലായ പ്രതി രോഷൻ കർഗവാറിനെ ചോദ്യം ചെയ്തപ്പോൾ ആണ് താൻ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന വിവരം ഇയാൾ പൊലീസിനോട് പറഞ്ഞത്.
ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിഞ്ഞ പൊലീസ് കുട്ടിയെ കൗൺസിലിംഗിന് വിധേയയാക്കി. തുടർന്നാണ് ഒരുമാസം നീണ്ട് നിന്ന് പീഡന പരമ്പരയെപ്പറ്റി കുട്ടി തുറന്ന് പറഞ്ഞത്. പാവപ്പെട്ട തൊഴിലാളികളുടെ മകളാണ് പീഡനത്തിന് ഇരയായ ഈ എട്ടാംക്ലാസുകാരി. പ്രതിയായ റോഷനെ ഈ കുട്ടിയ്ക്ക് നേരത്തെ അറിയാം. രക്ഷിതാക്കളില്ലാത്ത സമയത്താണ് റോഷനും ഒരു സുഹൃത്തും ചേർന്ന് വീട്ടിൽ കയറി കുട്ടിയ ബലാത്സംഗം ചെയ്തത്.
ഭയന്ന് പോയ കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തി. 300 രൂപ കയ്യിൽ വച്ച് കൊടുത്തു. ഈ പണത്തെക്കുറിച്ച് രക്ഷിതാക്കൾ ചോദിച്ചെങ്കിലും കുട്ടി കൃത്യമായ വിവരം പറഞ്ഞിരുന്നില്ല. പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡനം തുടർന്നു. ജൂൺ 19 മുതൽ ജൂലൈ 15 വരെ ഇത് തുടർന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പൊലീസ് പ്രതികളെയെല്ലാം പിടികൂടി. പോക്സോ അടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.