തൊടുപുഴ: യൂ ട്യൂബ് നോക്കി മോഷണം പഠിച്ച് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. മൂന്നാർ ഇക്കാനഗർസ്വദേശി ആർ വിനു (18), ലക്ഷ്മി പാർവതി ഡിവിഷനിൽ രാമ മൂർത്തി (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഓഫീസിന്റെ മുറ്റത്തുനിന്നും കഴിഞ്ഞ 18നാണ് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഹോണ്ട ഹോസ്റ്റൽ ബൈക്ക് മോഷണം പോയത്.
സൊസൈറ്റി ജീവനക്കാരൻ അനൂബ് ഏഴു മണിയോടെ കടയിൽപോയി വന്നതിനുശേഷം രാത്രി 11 മണിവരെ മുറ്റത്ത് ബൈക്ക് കണ്ടിരുന്നു. രാവിലെ ടൗണിൽ പോകാൻ ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകി. പൊലീസ് കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെലും പ്രതികൾ ആരെന്ന് വ്യക്തമായിരുന്നില്ല. തേനി പൊലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്.