അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിയെ പരിചരിക്കാൻ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലെത്തിയ വയോധികനെ സെക്യൂരിറ്റി ജീവനാക്കാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് ശാന്തിഭവൻ ഫിനാൻസ് ട്രസ്റ്റിയും ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി വി ആന്റണിയാണ് പരാതിയുമായി രംഗത്തെത്തിയത്.
മെഡിക്കൽ കോളേജാശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കലിനാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്ന് സംഭവം. ശാന്തി ഭവനിലെ അന്തേവാസികളായ സുരേഷ് വാർഡ് മൂന്നിലും ഡോൺ ബോസ്കോ കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിലും ചികിൽസയിലാണ്. ഇവരെ പരിചരിക്കാനാണ് ആന്റണി ആശുപത്രിയിൽ എത്തിയത്.
എന്നാൽ പ്രവേശനം നിഷേധിച്ചതിനെ ആന്റണി ചോദ്യം ചെയ്തു. തുടർന്ന് സുരക്ഷ ജീവനക്കാരൻ കൈയേറ്റത്തിന് മുതിരുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യവർഷം ചൊരിയുകയുമായിരുന്നെന്ന് പരാതിയിൽ ആരോപിക്കുന്നത്. തുടർന്ന് എയ്ഡ് പോസ്റ്റ് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മെഡിക്കൽ കോളേജിൽ നിന്ന് ഉപേക്ഷിക്കുന്നതടക്കം 160 ഓളം അനാഥരെയാണ് ശാന്തിഭവൻ അഭയം നൽകിയിരുക്കുന്നത്.