വടകര: പൊലീസിൽ സുരക്ഷക്കായി ഉപയോഗിക്കുന്ന ഹെൽമറ്റ് ക്ഷാമത്തെ തുടർന്ന് ബൈക്ക് ഹെൽമറ്റ് പകരം ഉപയോഗിക്കുകയാണ് പൊലീസ്. സമരമുഖങ്ങളിൽ പൊലീസിന് കവചമാവേണ്ട ഹെൽമറ്റ് പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാലാണ് ബൈക്ക് യാത്രക്ക് ഉപയോഗിക്കുന്ന ഹെൽമറ്റുകൾ ധരിച്ച് പൊലീസിന് ഇറങ്ങേണ്ടി വരുന്നത്. പൊലീസ് ഉപയോഗിക്കുന്ന ഹെൽമറ്റുകൾക്ക് സുരക്ഷിതത്വം ഏറെയാണ്. എന്നാൽ, ഐ.എസ്.ഐ മാർക്കുപോലുമില്ലാത്ത ബൈക്ക് ഹെൽമറ്റുകൾ ധരിച്ചാണ് പലപ്പോഴും ഇവർ സംഘർഷസ്ഥലങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നത്.
കഴിഞ്ഞ ദിവസം യുവാവിന്റ മരണവുമായി ബന്ധപ്പെട്ട് വടകര പൊലീസ് സ്റ്റേഷന് മുന്നിൽ രാപ്പകലില്ലാതെ സമരമുഖം തുറന്നപ്പോൾ വനിതകളുൾപ്പെടെയുള്ള മിക്ക പൊലീസ് ഉദ്യോഗസ്ഥരും ധരിച്ചത് ബൈക്ക് യാത്രക്ക് ഉപയോഗിക്കുന്ന സാധാരണ ഹെൽമറ്റുകളായിരുന്നു.
സാധാരണ ഹെൽമറ്റുകൾക്ക് ന്യൂനതകൾ ഏറെയുണ്ട്. മുൻഭാഗത്തെ പ്ലാസ്റ്റിക് കവചങ്ങളിൽ ഏറുകൊണ്ടാൽ കണ്ണടക്കം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും. ഷീൽഡ് ഉൾപ്പെടെയുള്ള രക്ഷാകവചങ്ങളുടെ കുറവും പൊലീസിനെ കുഴക്കുന്നുണ്ട്.