മംഗളൂരു: മംഗളൂരുവിലെ സൂറത്കലിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ 21 പേര്‍ പൊലീസ് കസ്റ്റഡിയില്‍. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് പിടിയിലായത്. നടന്നത് രാഷ്ട്രീയ കൊലപാതകമാണോയെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മുഖം മൂടി അണിഞ്ഞ് വെളുത്ത ഹ്യൂണ്ടായ് കാറിലെത്തിയ നാലംഗ സംഘമാണ് വെള്ളിയാഴ്ച്ച രാത്രി ഫാസിലിനെ വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. സൂറത്കല്‍ പള്ളിയിലെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
ഫാസിലിന്‍റെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക പ്രവര്‍ത്തകരുമായി അടുപ്പമുള്ള ആളായിരുന്നു 23 കാരനായ ഫാസില്‍. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലെ പ്രതികാരമെന്ന സംശയത്തിനിടെ സംഭവത്തെ മുഖ്യമന്ത്രി അപലപിച്ചു. എല്ലാ ജീവനും വിലപ്പെട്ടതാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്താക്കി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ദക്ഷിണ കന്നഡയില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി. മദ്യശാലകള്‍ അടച്ചു. അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയാണ്. 19 താല്‍ക്കാലിക ചെക്ക്പോസ്റ്റുകള്‍ തുറന്നു.
എഡിജിപിയും മംഗ്ലൂരു കമ്മീഷണറും അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സംഘര്‍ഷ മേഖലകളില്‍ ക്യാമ്പ് ചെയ്യുകയാണ്. അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ 15 പേരെ ചോദ്യം ചെയ്യുകയാണ്. ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു. സൂറത്കലിൽ കൊലപാതകത്തിന് പിന്നാലെ വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. കൂടുതൽ പൊലീസിനെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ വിന്ന്യസിച്ചു. അതിർത്തി മേഖലകളിൽ കർശന പരിശോധന നടക്കുകയാണ്.