കൊച്ചി: സഹകരണ ബാങ്കുകളിലെ റിസ്ക് ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും കരുവന്നൂർ സ്വദേശി ഫിലോമിന ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ചർച്ചയായതിന് പിന്നാലെയാണ് നടപടി.
കരുവന്നൂരിൽ നടന്നത് വലിയ തട്ടിപ്പാണെന്ന് മന്ത്രി പറഞ്ഞു. അന്വേഷണവും നടപടികളും നന്നായി നടക്കുന്നു. കുറ്റക്കാരെ ആരേയും സംരക്ഷിക്കില്ല. കർശന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സഹകരണ മന്ത്രി പറഞ്ഞു. ഒരു സഹകരണ സ്ഥാപനത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പൊതുവൽക്കരിക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സഹകരണ സ്ഥാപനത്തിൽ നിക്ഷേപിച്ചവർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആരു വിചാരിച്ചാലും തകർക്കാനാകില്ല. അത്രയും ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖലയെന്നും വി.എൻ.വാസവൻ വ്യക്തമാക്കി