മലപ്പുറം: ട്രോളിങ് കാലം നാളെ അവസാനിക്കുമ്പോഴും മത്സ്യതൊഴിലാളികൾക്ക് വറുതിയുടെ സമയത്ത് സൗജന്യ റേഷൻ നൽകുമെന്ന സര്‍ക്കാര്‍ ഉറപ്പ് പല ജില്ലകളിലും പാഴ്വാക്കായി. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് വിതരണം വൈകുന്നതെന്നാണ് വിവിധ ജില്ലകളിലെ സിവിൽ സപ്ലൈസ് വിഭാഗം ഓഫീസര്‍മാരുടെ മറുപടി.
ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്നായിരുന്നു ട്രോളിങ് പ്രഖ്യാപനത്തിന് മുമ്പ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. 52 ദിവസത്തെ ട്രോളിങ് നാളെ അവസാനിക്കും. പക്ഷേ സൗജന്യ റേഷന്‍ ഇതുവരെ ഭൂരിഭാഗം ജില്ലകളിലും ലഭ്യമാക്കിയിട്ടില്ല.
കോഴിക്കോട് ജില്ലയില്‍ ഔദ്യോഗിക കണക്ക് പ്രകാരം 2500 ഓളം കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കണം. മലപ്പുറത്ത് ആയിരത്തോളം കുടുംബങ്ങള്‍ അര്‍ഹരാണ്. റേഷന് അര്‍ഹരായ തൊഴിലാളികളുടെ ലിസ്റ്റ് സിവില്‍ സപ്ലൈസ് വകുപ്പിന് നല്‍കിയെന്നാണ് വിവിധ ജില്ലകളിലെ ഫിഷറീസ് വിഭാഗം അറിയിക്കുന്നത്. ഈ ലിസ്റ്റ് തിരുവനന്തപുരം സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഓഫീസിലേക്ക് അയച്ചിരുന്നെന്നും ഇ പോസ് മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തടസം കാരണമാണ് വിതരണം വൈകുന്നതെന്നാണ് സപ്ലൈ വിഭാഗത്തിന്‍റെ മറുപടി.