ചെന്നൈ: തമിഴ്നാട്ടിൽ 11 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. നേരത്തേ 34 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവിൽ ഒരാൾ ഇന്ന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ദിവസങ്ങളായി ചികിത്സയിൽ കഴിയുന്നവരുടെ ജിനോമിക് സ്വീക്കൻസിംഗ് വിശകലന ഫലം ഇന്നെത്തുകയായിരുന്നു. പതിനൊന്നിൽ ഏഴ് പേരും ചെന്നൈയിൽ നിന്നുള്ളവരാണ്. തിരുവണ്ണാമലൈ, കന്യാകുമാരി, തിരുവാരൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. അതേ സമയം നേരത്തെ ഒമിക്രോൺ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 34 പേരിൽ 16 പേർ സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
രാജ്യത്തെ 21 സംസ്‌ഥാനങ്ങളിലാണ് ഇപ്പോൾ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഒമിക്രോണ് ബാധിതർ മഹാരാഷ്ട്രയിലാണുളളത്. തൊട്ടുപിന്നിൽ ദില്ലിയും. അതേ സമയം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങളാണ് രാത്രികാല കർഫ്യു പ്രഖ്യാപിച്ചത്. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.