പത്തനംതിട്ട : പന്തളത്ത് വൻ ലഹരിവേട്ട. 154 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേരെ പൊലീസ് കസ്റ്റയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അടൂർ പറക്കോട് സ്വദേശി രാഹുൽ ആർ, കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കൽ സ്വദേശി പി ആര്യൻ, കുടശനാട് സ്വദേശി വിധു കൃഷ്ണൻ, കൊടുമൺ സ്വദേശി സജിൻ സജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്തളം നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മുറിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
ജില്ലയിലെ വിവിധ ഇടങ്ങളിലെ ഹോട്ടലുകളിൽ മുറിയെടെത്താണ് പ്രതികൾ നിരോധിത മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രെയ്സ് ചെയ്താണ് ഇന്ന് ഉച്ചയോടെ പത്തനംതിട്ട നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി കെ എ വിദ്യാധരന്റെ നേതൃത്തിലുള്ള സംഘം പന്തളത്തെ ഹോട്ടലിൽ പരിശോധന നടത്തിയത്.
പൊലീസ് സംഘം എത്തുമ്പോൾ രാഹുൽ, ഷാഹിന, ആര്യൻ എന്നിവർ മാത്രമാണ് മുറിയിലുണ്ടായിരുന്നത്. മൂവരും മയക്ക് മരുന്ന് ലഹരിയിലായിരുന്നു. നാല് ഗ്രാം എംഡിഎംഎയും ഒരു കിലോ കഞ്ചാവുമാണ് മുറിയിലുണ്ടായിരുന്നു. മൂന്ന് പോരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളായ വിധു കൃഷ്ണൻ, സജിൻ സജി എന്നിവരെ പറ്റി വിവിരം ലഭിച്ചത്. തുടർന്ന് പ്രതികളെ ഉപയോഗിച്ച് തന്നെ രണ്ട് പേരെയും പൊലീസ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. 150 ഗ്രാം എംഡിഎംഎ എത്തിച്ചത് ഇവരാണ്. വിശദമായ ചോദ്യം ചെയ്യലിൽ വിൽപ്പനക്കെത്തിച്ച ലഹരിവസ്തുക്കളാണെന്ന് പ്രതികൾ സമ്മതിച്ചു. ബെംഗളുരുവിൽ നിന്നാണ് നിരോധിത മയക്ക് മരുന്ന് എത്തിക്കുന്നത്. ഗ്രാമിന് 7000 മുതൽ 9000 രുപയ്ക്ക് വരെയാണ് പ്രതികൾ എംഡിഎംഎ വിൽക്കുന്നത്.