മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വീട്ടിൽ ഇഡി പരിശോധന. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. ചോദ്യം ചെയ്യാനായി ഒടുവിൽ നൽകിയ രണ്ട് നോട്ടീസുകളിലും റാവത്ത് ഹാജർ ആയിരുന്നില്ല.
രാവിലെ ഏഴരയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്. കൊറേഗാവിലെ ഒരു ഭവന നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയാണ് കേസിനാധാരം. സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ അഴിമതിയുമായി ബന്ധപ്പെട്ട് എത്തിയെന്നാണ് ഇഡി പറയുന്നത്.
തനിക്കെതിരെ നടക്കുന്നത് വ്യാജ ആരോപണങ്ങളും നടപടികളും എന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഒരു സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല. ശിവസേന വിടുന്ന പ്രശ്നമില്ല. തനിക്ക് അഴിമതിയിൽ പങ്കില്ല എന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. റാവത്തിന്റെ വസതിക്ക് മുന്നിൽ സേന പ്രവർത്തകരുടെ പ്രതിഷേധവുമായെത്തി.