മുംബൈ : ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാവുമെന്ന മഹാരാഷ്ട്ര ഗവർണറുടെ പ്രസ്താവനയെ തള്ളി ബിജെപി. പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. മഹാരാഷ്ട്രയുടെ വളർച്ചയിൽ പല വിഭാഗങ്ങളുടെയും സംഭാവനയുണ്ട്. അക്കാര്യം അംഗീകരിക്കുന്നു. എന്നാൽ അതിനാൽ മറാഠികളുടെ സംഭവനയെ കുറച്ച് കാണാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മുംബൈയുടെ സമ്പത്ത് കാലിയാകുമെന്നും സാമ്പത്തിക തലസ്ഥാനമെന്ന പദവി മുംബൈയ്ക്ക് നഷ്ടമാവുമെന്നുമായിരുന്നു ഗവർണറുടെ പരാമർശം. ഗുജറാത്തികളെയും രാജസ്ഥാനികളെയും പുറത്താക്കി നോക്കൂ, പിന്നെ മഹാരാഷ്ട്രയിൽ പണം കാണില്ല. സാമ്പത്തിക തലസ്ഥാനമെന്ന് മുംബൈയെ വിളിക്കാൻ പറ്റാത്ത സ്ഥിതിയാകുമെന്നായിരുന്നു അന്ധേരിയിൽ നടന്ന ഒരു പൊതു പരിപാടിയിൽ ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുടെ പരാമർശം. വാക്കുകൾ വിവാദമായതോടെ മറാഠികളെ അപമാനിച്ച ഗവർണർ മാപ്പ് പറഞ്ഞ് പദവിയിൽ നിന്ന് ഒഴിയണമെന്ന് ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. പരാമർശത്തെ അനുകൂലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയും പറഞ്ഞു.
പദവിക്ക് നിരക്കാത്തതാണ് ഗവർണറുടെ പ്രസ്താവനയെന്ന് മുൻമുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആഞ്ഞടിച്ചു. രണ്ടരവർഷക്കാലം മറാത്തി വിഭവങ്ങൾ ആസ്വദിച്ചു.ഇനി അദ്ദേഹത്തിന് കോലാപ്പൂർ ചെരുപ്പ് കാണാനുള്ള സമയമായി. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഗവർണറെ തിരിച്ച് വിളിക്കുകയോ ജയിലിലടക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവർണറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി. ഗവർണറുടെ പ്രസ്താവനയെ അനുകൂലിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയുടെ പ്രതികരണം. മുംബൈയുടെ വളർച്ചയിൽ മറാഠികളുടെ പങ്ക് കുറച്ച് കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.