മുംബൈ: വീട്ടില്‍ ഇഡി പരിശോധന നടത്തിയതോടെ പ്രതികരണവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. തനിക്കെതിരെ രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാജ തെളിവുമാണ് ഇഡി പരിശോധന നടത്തുന്നത്. അഴിമതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ശിവസേന തലവൻ ബാലാസാഹേബ് താക്കറെയുടെ പേരില്‍ സത്യം ചെയ്തു കൊണ്ടാണ് ഇത് പറയുന്നത്. ബാലാസാഹേബ് ആണ് തങ്ങളെ പോരാടാന്‍ പഠിപ്പിച്ചത്. ഒരിക്കലും ശിവസേന വിട്ടുപോകില്ല. മരിച്ചാലും കീഴടങ്ങില്ലെന്നും സഞ്ജയ് റാവത്ത് മറാത്തിയില്‍ ട്വീറ്റ് ചെയ്തു. അതേസമയം, ഗൊരേഗാവിലെ ഭവണനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാവാതിരുന്നതോടെയാണ് ഇഡി സംഘം ശിവസേന നേതാവിന്‍റെ വീട്ടിലേക്ക് എത്തിയത്.
രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം ഭാണ്ടൂബിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടിൽ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് സേനാ പ്രവർത്തകർ വീടിന് മുന്നിലേക്ക് പാഞ്ഞെത്തി. ഗൊരേഗാവിലെ പത്രാചാൽ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നാണ് ഇഡി കേസ്. കേസിൽ പ്രതിയായ പ്രവീൺ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്.
ഈ പണം ഉപയോഗിച്ച് ദാദറിൽ ഒരു ഫ്ലാറ്റ് വാങ്ങുകയും ചെയ്തുവെന്നും ഇഡി പറയുന്നു. ഇഡി അന്വേഷണം ഏറ്റെടുത്തതോടെ കിട്ടിയ പണത്തിൽ 50 ലക്ഷം തിരികെ നൽകി. ഏപ്രിലിൽ ദാദറിലെ ഫ്ലാറ്റ് അടക്കം 11 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. സഞ്ജയ് റാവത്ത് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കേസിലെ സാക്ഷിയായ സ്വപ്ന പത്കർ എന്ന മറാത്തി സിനിമാ നിർമ്മാതാവ് കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. സഞ്ജയ് റാവത്തിന്‍റേതെന്ന പേരിൽ ഒരു ഫോൺ സംഭാഷണവും തെളിവായി ഹാജരാക്കിയിരുന്നു.