രത്‌ലാം: സർക്കാർ പ്രൈമറി സ്‌കൂളിൽ വിദ്യാർത്ഥിനിയെ അധ്യാപകന്‍ വളരെ ക്രൂരമായി മര്‍ദ്ദിച്ച വീഡിയോ വൈറലായിരുന്നു. സംഭവം വിവാദമായതോടെ മധ്യപ്രദേശിലെ രത്‌ലാം ജില്ലയിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. മമതഖേഡയിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് അധ്യാപകനായ ജെ കെ മൊഗരയ്‌ക്കെതിരെ നടപടി വന്നത്. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) കെ സി ശർമ അറിയിച്ചു.
പ്രൈമറി സ്‌കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളെ അധ്യാപകർ തല്ലുമെന്ന പരാതിയും അധികൃതർക്ക് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പിടിഐയോട് പറഞ്ഞു. വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഇതിന് അനുബന്ധമായി പുറത്തുവന്ന വീഡിയോയിൽ അധ്യാപിക മറ്റ് ചില പെൺകുട്ടികളെ തല്ലുന്നതും കാണുന്നുണ്ട്
ടീച്ചർ അടിക്കുമെന്ന് ഭയന്ന് നിരവധി പെൺകുട്ടികൾ സ്‌കൂളിൽ വരുന്നില്ലെന്നും ഇത് സ്ഥിരം സംഭവമാണെന്നും സ്കൂളിലെ ഒരു കുട്ടിയെ ഉദ്ധരിച്ച് പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.