ബർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്തൊമ്പത് വയസുകാരന്‍ ജെറിമി ലാൽറിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെ ഇന്ത്യക്ക് അഞ്ചാം മെഡല്‍. ഭാരോദ്വഹനത്തിൽ പുരുഷന്‍മാരുടെ 67 കിലോവിഭാഗത്തിൽ ജെറിമി ലാൽറിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഇത്തവണ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ വനിതകളുടെ ഭാരദ്വേഹനത്തില്‍ മീരാബായി ചനു സ്വര്‍ണമണിഞ്ഞിരുന്നു.
കരിയറിലെ തന്‍റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ ജെറിമി ലാൽറിന്നുംഗ സ്വര്‍ണവുമായി വിസ്‌മയിപ്പിക്കുകയായിരുന്നു. സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമായി ആകെ 300 കിലോയാണ് ജെറിമി ലാൽറിന്നുംഗ ഉയര്‍ത്തിയത്. ജെറിമി ഉയര്‍ത്തിയ 300 കിലോ ഗെയിംസ് റെക്കോര്‍ഡാണ്. സ്‌നാച്ചിലെ ജെറിമിയുടെ 140 കിലോയും പുതിയ ഗെയിംസ് റെക്കോര്‍ഡായി മാറി. എന്നാല്‍ മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ ജെറിമിക്ക് പരിക്കേറ്റത് ആശങ്കയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി ചനുവിലൂടെയാണ് ആദ്യ സ്വര്‍ണമെത്തിയത്. ഗെയിംസ് റെക്കോർഡോടെയാണ് മീരാബായി സ്വർണം നിലനിർത്തിയത്. ഭാരദ്വേഹനത്തില്‍ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു. രണ്ടാം ദിവസത്തെ അവസാന മത്സരത്തില്‍ ബിന്ധ്യാറാണി ദേവിയിലൂടെ ഗെയിംസില്‍ ഇന്ത്യ നാലാം മെഡൽ സ്വന്തമാക്കുകയായിരുന്നു. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിലാണ് ബിന്ധ്യാറാണിയുടെ മെഡല്‍നേട്ടം.