കൊല്ലം: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലിൽ ഒരു മരണം. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. കുടുങ്ങിക്കിടന്ന അഞ്ചുപേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ രണ്ടുപേരെ ചെങ്കോട്ടയിലെ ആശുപത്രിയിലെത്തിച്ചു.തമിഴ്നാട് അതിർത്തിയിലെ കനത്ത മഴയെ തുടർന്ന് വനത്തിൽ ഉരുൾപൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് വിവരം. തമിഴ്നാട്ടിൽനിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടത്തിൽ സമാനരീതിയിൽ മലവെള്ളപ്പാച്ചിലിൽ രണ്ടു പേർ മരിച്ചിരുന്നു.
ചെങ്കോട്ടയിൽനിന്ന് അച്ചൻകോവിൽ ഭാഗത്തേക്കു പോകുന്ന പാതയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. സംസ്ഥാന വനംവകുപ്പിനു കീഴിൽ വനം ഡവലപ്മെന്റ് സൊസൈറ്റിയാണ് ഇവിടെ വിനോദ സഞ്ചാരികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. അഞ്ചു വർഷം മുൻപ് ഇവിടെ സമാനരീതിയിൽ മരണം ഉണ്ടായതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ഇത് വീണ്ടും വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്.