കൊച്ചി : സിൽവർ ലൈൻ പദ്ധതി പൂർണമായും പിൻവലിച്ച് ഉത്തരവിറക്കണം എന്നാവശ്യപ്പെട്ട് തിരുവോണ ദിവസം സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് സംസ്ഥാന സമിതി. എറണാകുളത്ത് ചേർന്ന സംസ്ഥാന സമിതി യോഗം സംസ്ഥാന രക്ഷാധികാരി പ്രഫ. കുസുമം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. കെ റയിൽ നടത്തിയ അനധികൃത കടന്നുകയറ്റത്തെ ചെറുത്ത സാധാരണ ജനങ്ങൾക്കുമേൽ ചുമത്തിയ കള്ളക്കേസ്സുകൾ നിരുപാധികം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
സർവ്വേ നമ്പറുകൾ ഉൾപ്പെടുത്തി ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമിറക്കി ഒരു വർഷം പൂർത്തിയാകുന്ന ആഗസ്റ്റ് 18 മുതൽ 25 വരെ സമിതി പ്രതിഷേധ വാരമായി ആചരിക്കും. പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തുകൾ അയയ്ക്കും, കാലാവധി കഴിഞ്ഞ സാമൂഹ്യാഘാത പഠനത്തിന് വിജ്ഞാപനം പുതുക്കി നൽകരുത് എന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് ജനങ്ങൾ ഒപ്പിട്ട നിവേദനം നൽകും.
ആഗസ്റ്റ് ഒമ്പത് ക്വിറ്റ് ഇന്ത്യാ ദിനം “ക്വിറ്റ് കെ റയിൽ” ദിനമായി ആചരിക്കും. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ “നമ്മുടെ ഭൂമി നമ്മുടെ സ്വാതന്ത്ര്യം ” എന്ന പേരിൽ, വിജ്ഞാപനമിറക്കി ഭൂവിനിയോഗം നിശ്ചലമാക്കിയ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.
സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ്. രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന രക്ഷാധികാരികളായ എം.ടി.തോമസ്, കെ. ശൈവപ്രസാദ്, സംസ്ഥാന വൈസ് ചെയർമാന്മാരായ ചാക്കോച്ചൻ മണലേൽ, വിനു കുര്യാക്കോസ് തുടങ്ങിയവരും വിവിധ ജില്ലാ ഭാരവാഹികളും സംസാരിച്ചു.