പത്തനംതിട്ട: ജില്ലയിൽ കനത്ത മഴയിൽ കനത്ത മഴ തുടരുന്നു. ഇന്ന് രാവിലെ മുതൽ തുടങ്ങിയ മഴയാണ് ഉച്ചയോടെ ശക്തി പ്രാപിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി. തോട്ടിലെ ഒഴുക്കിൽപ്പെട്ട് ഒരു യുവാവും പത്തനംതിട്ടയിൽ ഇന്ന് മരിച്ചു.
കൊല്ലമുള്ള സ്വദേശി അദ്വൈത് (22) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട അദ്വൈതിനെ പുറത്തെടുത്ത് മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഫയർഫോഴ്സിന്റെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അദ്വൈതും സുഹുത്തും കൂടിയാണ് തോട്ടിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ട സുഹൃത്ത് കരയ്ക്ക് കേറിയെങ്കിലും അദ്വൈത് ഒഴുകി പോകുകയായിരുന്നു.
പത്തനംതിട്ട കൊക്കാത്തോട് നെല്ലിക്കാപാറയിൽ തോട് കര കവിഞ്ഞു. ഇതു വഴി പോയ കാര്‍ ശക്തിയേറിയ ഒഴുക്കിൽപ്പെട്ടെങ്കിലും ഡ്രൈവറെ രക്ഷപ്പെടുത്തി. കാർ ഒഴുകി പോകാതിരിക്കാൻ നാട്ടുകാര്‍ വടം കൊണ്ട് കെട്ടി നിർത്തിയിരിക്കുകയാണ്. പത്തനംതിട്ട ളാഹയിൽ തീവ്രമഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഉണ്ടായത്. മൂന്ന് മണിക്കൂറിൽ 122 മി. മി മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്.
അതിശക്തമായ മഴയെ തുടർന്ന് ഗവി – കക്കി ഇക്കോ ടൂറിസത്തിന്റെ ഭാഗമായ പത്തനംതിട്ട കൊച്ചാണ്ടി ഫോറസ്ററ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
കനത്തമഴയിൽ ഈരാറ്റുപേട്ട -തൊടുപുഴ റോഡിലെ ഇടമറുകിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. തലനാട് ചമപ്പാറയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീക്കോയി – വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചു.