പാലക്കാട്: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി പ്രാപിക്കുന്നതിനു പിന്നാലെ സംസ്ഥാനത്ത് മഴയുടെ സ്വഭാവത്തിലും കാറ്റിന്റെ ഗതിയിലും മാറ്റം അനുഭവപ്പെട്ടു തുടങ്ങി. ചക്രവാതം ന്യൂനമർദമായി മാറുകയും ശാന്തസമുദ്രത്തിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റ് ശക്തമാവുകയും ചെയ്താൽ വരും ദിവസങ്ങളിൽ തുടർച്ചയായി അതിശക്തമഴയും കാറ്റും ഉണ്ടാവുകയും അതു കരയിലും കടലിലും കനത്ത ആഘാതമുണ്ടാക്കാമെന്നുമാണ് കലാവസ്ഥ വിദഗ്ധരുടെ നിരീക്ഷണം.
കാലവർഷത്തിലെ മഴ ഇടവേളയിൽ, അന്തരീക്ഷത്തിലുണ്ടായ ഉഷ്ണത്തിന്റെ സ്വാധീനം നിമിത്തം ഇടിയോടുകൂടിയാണ് പലയിടത്തും മഴ പെയ്യുന്നത്. സാധാരണ ഇത്തരം സമയത്ത് ഈ പ്രവണതയുണ്ടാകാറില്ല. തുലാവർഷക്കാലത്താണ് ഇത്തരം അന്തരീക്ഷം ഉണ്ടാകാറുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ എരുമേലി, കുമളി, കോഴിക്കോട് കൂടരഞ്ഞി എന്നിവിടങ്ങളിൽ മണിക്കൂറിലധികം നീണ്ടുനിന്ന മഴയും കാറ്റും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. കൊല്ലം അച്ചൻകോവിലിലും കോട്ടയത്തെ കിഴക്കൻ മേഖലയിലും മലവെള്ളപ്പാച്ചിലുണ്ടായി.
പ്രാദേശികമായി ശക്തമായ മഴയും ചുഴലിയും ഈ വർഷവും കൂടുതലായി കാണപ്പെട്ടു. വരും ദിവസങ്ങളിലും ഈ രീതി ആവർത്തിക്കാനുള്ള സാധ്യതയുമുണ്ട്. കാലവർഷത്തിന്റെ ഇടവേള കാരണം മണ്ണിലെ ഈർപ്പം കുറഞ്ഞത്, വരും ദിവസങ്ങളിലെ തീവ്രമഴ പ്രവചനത്തിനിടയിൽ നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും ന്യൂമർദവും ചുഴലിക്കാറ്റും ഒരു പോലെ ശക്തമായാൽ ചിലപ്പോൾ പ്രവചനാതീതമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്ന നിരീക്ഷണവും ഉണ്ട്.