ദില്ലി: വിലക്കയറ്റത്തില്‍ ഇന്ന് ലോക് സഭയില്‍ ചര്‍ച്ച നടക്കും. വര്‍ഷകാല സമ്മേളനം തുടങ്ങിയത് മുതല്‍ പ്രതിപക്ഷ ആവശ്യം നിരന്തരം അവഗണിച്ച സര്‍ക്കാര്‍ ഒടുവില്‍ ചര്‍ച്ചക്ക് തയ്യാറാകുകയായിരുന്നു. ഇന്ധന വില വര്‍ധന, യുക്രെയന്‍ യുദ്ധം തുടങ്ങിയ വാദങ്ങളുന്നയിച്ച് പ്രതിരോധം തീര്‍ക്കാനാകും സര്‍ക്കാര്‍ ശ്രമം. ജി എസ് ടി നിരക്ക് വര്‍ധനയിലും വിശദീകരണം നല്‍കും.
കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ സമ്മത പ്രകാരമാണ് നിരക്ക് കൂട്ടിയതെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ വാദം സംസ്ഥാനങ്ങള്‍ തള്ളിയിരുന്നു. സര്‍ക്കാര്‍ നിലപാട് തൃപ്തികരമല്ലെങ്കില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചേക്കും. രാജ്യസഭയില്‍ നാളെയാകും ചര്‍ച്ച. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ ബഹുമാന പദങ്ങളുപയോഗിക്കാതെ പേര് വിളിച്ച സ്മൃതി ഇറാനി മാപ്പ് പറയണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉയര്‍ത്തും. ഇക്കാര്യം ഉന്നയിച്ച് ലോക് സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.