തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ വീട്ടിലെത്തി സുരേഷ് ഗോപി. കരുവന്നൂർ അടക്കമുള്ള വിഷയം അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇത്തരം സംഭവം ഇനി ആവർത്തിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഫിലോമിനയുടെ കുടുംബത്തെ മന്ത്രി ആർ ബിന്ദുവും ഇന്ന് സന്ദര്‍ശിച്ചിരുന്നു. ഫിലോമിനയുടെ ചികിത്സയ്ക്ക് പണം നൽകിയിരുന്നെന്ന മന്ത്രിയുടെ പ്രസ്ഥാവനയിൽ കുടുംബം അതൃപ്തി അറിയിച്ചു. മന്ത്രി ഖേദം പ്രകടിപ്പിച്ചതായും ബാക്കി തുകയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധിയല്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചതായി ഫിലോമിനയുടെ മകൻ ഡിനോ പറഞ്ഞു.
ഫിലോമിനയുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയിരുന്നെന്നും തൃശ്ശൂര്‍ മെഡിക്കൽ കോളജിൽ അത്യാധുനിക ചികിത്സ നൽകിയിരുന്നെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഒരു മാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഫിലോമിന. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് ഫിലോമിന അന്തരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബം പറയുന്നത്.