കൽപ്പറ്റ (വയനാട്): പെരിക്കല്ലൂര്‍ പാതിരി വനത്തില്‍ തുടല് (കയറോ കേബ്ളോ ഉപയോഗിച്ചുള്ള കെണി) വെച്ച് പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. പെരിക്കല്ലൂര്‍ കാട്ടുനായ്ക കോളനിയിലെ ഷിജു(45) ആണ് വനപാലക സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും പാകം ചെയ്തതും ഉണക്കി സൂക്ഷിച്ചതുമായ ഇറച്ചി, വേട്ടയ്ക്കുപയോഗിക്കുന്ന സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു.
പെരിക്കല്ലൂര്‍ കേന്ദ്രീകരിച്ചുള്ള വന്യമൃഗ വേട്ട സംഘത്തിലെ അംഗമാണ് ഷിജുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സംഘം അതിര്‍ത്തി വനപ്രദേശത്ത് നടത്തിയ മൃഗ വേട്ടകളെക്കുറിച്ചും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ സംഭവങ്ങളും വിശദമായി അന്വേഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.ചെതലയം റേഞ്ച് ഓഫീസര്‍ കെ.പി. അബ്ദുല്‍ സമദ്, ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ പി.പി. മുരളിധരന്, ഫോറസ്റ്റര്‍മാരായ കെ.യു. മണികണ്ഠന്, എ.കെ. സിന്ധു, ബി.എഫ്.ഒമാരായ താരാനാഥ്, ഇ.പി. ശ്രീജിത്ത്, അജിത്ത്കുമാര്‍, സതീശന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.