കോട്ടയം : ഒന്‍പത് മാസങ്ങള്‍ക്കു ശേഷം റബര്‍ വില ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബര്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ 160 രൂപയായി കുറഞ്ഞു. ഇതിനു മുന്‍പ് 2021 മാര്‍ച്ചില്‍ റബര്‍ വില 160 രൂപയായിരുന്നു. പിന്നീട് ഉയര്‍ന്ന് കഴിഞ്ഞ മാസം 191 രൂപ വരെ എത്തി. അടുത്തയാഴ്ചയോടെ വില വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ. പല വഴികളിലൂടെ ഇന്ത്യന്‍ വിപണിയിലേക്ക് റബര്‍ കൂടുതലായി എത്തിയതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. ഉയര്‍ന്ന വില ലഭിച്ചതോടെ കര്‍ഷകര്‍ കൈവശമുള്ള റബര്‍ ശേഖരം കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വിറ്റഴിച്ചു. കോട്ടയം, കൊച്ചി വിപണികളില്‍ ദിവസ വില്‍പന 2000 ടണ്‍ പിന്നിട്ടു.
ക്രിസ്മസ് എത്തിയതും വില്‍പനയ്ക്ക് വേഗം കൂട്ടി. സെമി കണ്ടക്ടര്‍ ചിപ് ക്ഷാമം വാഹന വിപണിയെ ബാധിച്ചതും രാജ്യാന്തര വിപണിയില്‍ നിന്നുള്ള ഇറക്കുമതി കൂടിയതും റബര്‍ വിലയെ സ്വാധീനിച്ചു. നവംബറില്‍ 50000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്തു. ഡിസംബറില്‍ ഇറക്കുമതി 60000 ടണ്‍ പിന്നിടുമെന്നു കരുതുന്നു.