കണ്ണൂർ: കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്ത് കൊളക്കാട് നെല്ലിക്കുന്നിലെ സ്വകാര്യ പന്നിഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനകം ഈ പന്നിഫാമിലെ 15ഓളം പന്നികള്‍ രോഗം ബാധിച്ച് ചത്തിരുന്നു. തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗം ബാധിച്ച പന്നികളുടെ സാമ്പിള്‍ ഭോപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചത്. ഞായറാഴ്ച പരിശോധന ഫലം ലഭിച്ചതോടെയാണ് പന്നികള്‍ക്ക് ബാധിച്ചത് പന്നിപനിയാണെന്ന സ്ഥിരീകരണം ഉണ്ടായത്.
സ്വകാര്യ ഫാമില്‍ പന്നിപനി സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെയും കൊന്നൊടുക്കുക എന്നതാണ് അടുത്ത നടപടി ക്രമം. ഇതനുസരിച്ച് മൃഗസംരക്ഷണ വകുപ്പ് ഇന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും. ഈ പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നിഫാമുകളിലെ പന്നികളെ നിരീക്ഷിക്കാനും മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണിച്ചാര്‍ പഞ്ചായത്തില്‍ 6 പന്നിഫാമുകളാണ് നിലവിലുള്ളത്.
ഇതില്‍ ചുരുക്കം ചിലതിന് മാത്രമേ ലൈസന്‍സ് ഉള്ളൂ. രോഗം സ്ഥിരീകരിച്ച പന്നിഫാമിന് ലൈസന്‍സ് ഇല്ല എന്നാണ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതനുസരിച്ച് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാമുകള്‍ അടച്ച് പൂട്ടിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പന്നിപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍ പറഞ്ഞു