കോതമംഗലം : നീണ്ട അറുപത്തിരണ്ട് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കോതമംഗലം പിണ്ടിമന സർവീസ് സഹകരണ ബാങ്കിൽ നടന്ന തീവെട്ടിക്കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കേരള സഹകരണ സംഘം നിയമം വകുപ്പ് 65/1പ്രകാരം 2011നവംബർ 3 ന് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. അത് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ കോതമംഗലം യൂണിറ്റ് ഇൻസ്പെക്ടർ രഞ്ജിത്ത് രാജ്. പി കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
22 പേജുള്ള റിപ്പോർട്ടിൽ ക്രമവിരുദ്ധമായ നിയമനങ്ങൾ, വായ്‌പ്പാക്രമക്കേടുകൾ, മുക്കുപണ്ട പണയ തട്ടിപ്പുകൾ എന്നിങ്ങനെ ഭീകരമായ നിയമവിരുദ്ധ നടപടികൾ ആണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. ബാങ്ക് നിലവിൽ ഒരുകോടി ഇരുപത്തിയാറു ലക്ഷം രൂപ അറ്റ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത് എന്നറിയുമ്പോഴാണ് യു ഡി എഫ് ഭരണ സമിതിയുടെ കാട്ടുകൊള്ളയുടെ ആഴം മനസ്സിലാകുന്നത്. 2018 ൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ, അവരുടെ പേരിലും മക്കളുടെയും ബന്ധുക്കളുടെയും പേരിലും തോന്നിയ പോലെ ലക്ഷക്കണക്കിന് രൂപയാണ് അനധികൃതമായി വായ്പ്പ എടുത്തുകൂട്ടിയിരിക്കുന്നത്.
തന്നെയല്ല ഡയറക്ടർ ബോർഡ് അംഗത്തിന്റെ മകന് നിയമനം നൽകാനായി പല വളഞ്ഞവഴിയും ബാങ്ക് സ്വീകരിച്ചു. അനാവശ്യമായി തസ്തിക സൃഷ്ടിച്ചുകൊണ്ടായിരുന്നു ഇതിന് അപേക്ഷ ക്ഷണിച്ചത്. ഇത് പരസ്യപ്പെടുത്തിയത് സർക്കുലേഷൻ കുറവുള്ള രണ്ട് ദിനപത്രങ്ങളിൽ ആയിരുന്നു. മകന് നിയമനം നൽകാൻ വൈസ് പ്രസിഡന്റ് രാജിവെയ്ക്കുന്ന പ്രഹസനം വരെ ബാങ്കിൽ അരങ്ങേറി. വികലാംഗർ, പട്ടികജാതി വർഗ്ഗങ്ങൾ എന്നീ സംവരണങ്ങൾ അട്ടിമറിച്ചാണ് നിയമനനീക്കം നടന്നത്.
നിയമനത്തിനുള്ള കോഴപ്പണം ഇതേ ബാങ്കിൽ തന്നെയുള്ള അക്കൌണ്ടിലേക്ക് വന്നതായും റിപ്പോർട്ടിൽ സൂചന ഉണ്ട്. വൈസ് പ്രസിഡന്റ് കെ.ജെ വർഗീസിന്റെയും ഭാര്യയുടെയും അക്കൌണ്ടുകളിലാണ് കോഴപ്പണം വന്നത്. ഇത് ആര് നിക്ഷേപിച്ച പണമാണെന്ന് ബാങ്ക് സെക്രട്ടറിക്ക് പോലും അറിയില്ല എന്ന ഞെട്ടിക്കുന്ന വിവരവും ഇവർ നടത്തിയ കൊള്ളയുടെ ആഴവും ഗൂഡാലോചനയും അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നുണ്ട്.