മുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ നാല് ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടു. വിശദമായി ചോദ്യം ചെയ്യുന്നതിന് എട്ടു ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇഡി, കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടർന്നാണ് നാല് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
വീട്ടിൽനിന്നുള്ള ഭക്ഷണം, മരുന്ന് എന്നിവയും അനുവദിച്ചു. ഹൃദ്രോഗിയായതിനാൽ രാത്രി വൈകി ചോദ്യം ചെയ്യരുതെന്ന് സഞ്ജയ് റാവുത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശസ്ത്രക്രിയ നടത്തിയതിന്റെ രേഖകൾ കോടതിയിൽ സമർപ്പിച്ചു. രാത്രി 10 വരെയാണു സാധാരണയായി നടപടിക്രമങ്ങളെന്ന് ഇഡി വ്യക്തമാക്കി. ആവശ്യമെങ്കിൽ മതിയായ ചികിത്സ നൽകണമെന്നും ചോദ്യംചെയ്യുന്ന സമയത്തും ശ്രദ്ധ വേണമെന്നും കോടതി പറഞ്ഞു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും രാജ്യസഭാംഗവുമാണ് റാവുത്ത്.
കെട്ടിട പുനർനിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലാണ് സഞ്ജയ് റാവുത്തിന്റെ അറസ്റ്റ്. നേരത്തേ രണ്ടു തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്ന അദ്ദേഹത്തിന്റെ വസതിയിൽ ഞായറാഴ്ച പുലർച്ചെ ഏഴിന് എത്തിയ ഇഡി സംഘം 10 മണിക്കൂറോളം തടഞ്ഞുവച്ചു ചോദ്യം ചെയ്തു. വസതിയിൽ നിന്ന് 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തതായാണ് വിവരം. തുടർന്ന് നേരിട്ട് ഓഫിസിൽ എത്താൻ നിർദേശിച്ചു. വൈകിട്ട് അഞ്ചരയ്ക്ക് സ്വന്തം വാഹനത്തിൽ എത്തിയ അദ്ദേഹത്തെ ഇഡി ആസ്ഥാനത്ത് രാത്രി വൈകിയും ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് അറസ്റ്റ് നടന്നത്.
മുംബൈയിലെ ഗോരേഗാവിൽ 47 ഏക്കർ വരുന്ന ‘പത്ര ചാൾ’ ഭൂമിയിലെ ഭവന പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട 1,034 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടു കേസിൽ റാവുത്തിന്റെ ഭാര്യ വർഷയുടെയും അടുത്ത അനുയായികളുടെയും 11.15 കോടി രൂപയുടെ സ്വത്ത് നേരത്തേ കണ്ടുകെട്ടിയിരുന്നു. ഇതേ കേസിൽ റാവുത്തിന്റെ അനുയായിയും ഗുരു ആശിഷ് കൺസ്ട്രക്‌ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മുൻ ഡയറക്ടറുമായ പ്രവീൺ റാവുത്ത് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രവീണുമായും കേസിലുൾപ്പെട്ട മറ്റൊരു കൂട്ടാളിയായ സുജിത് പട്ക്കറുമായും റാവുത്തിന് അടുത്ത ബന്ധമുണ്ട്.