റിയാദ്: സൗദി അറേബ്യയില്‍ അഴിമതി നടത്തിയ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിടിയില്‍. കൈക്കൂലി, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളിലേര്‍പ്പെട്ട 78 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു.
പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, നീതിന്യായം, വിദ്യാഭ്യാസം, മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവനനിര്‍മാണം എന്നീ ആറ് മന്ത്രാലയങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ചിലരെ ജാമ്യത്തില്‍ വിട്ടു. ഇതിന് പുറമെ 116 പേരെ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കൈക്കൂലി, സ്വജനപക്ഷപാതം, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഭരണപരമായ അഴിമതിയും കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ളവ സാമ്പത്തിക കുറ്റകൃത്യവുമായാണ് കണക്കാക്കുന്നതെന്ന് ‘നസഹ’ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഏറെ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ് നിരീക്ഷണങ്ങളില്‍ കണ്ടെത്തിയത്.