ന്യൂഡൽഹി : രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന്റെ തക്കസമയത്തുള്ള ഇടപെടലുകൾക്ക് കഴിഞ്ഞെന്ന് ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടു. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കോ നിരന്തര പണപ്പെരുപ്പത്തിലേക്കോ വീഴില്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയും റഷ്യ–യുക്രെയ്ൻ യുദ്ധവും കാരണം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് ലോക്സഭയിൽ വിലക്കയറ്റത്തെക്കുറിച്ചുളള ചർച്ചയ്ക്കു മറുപടി പറയവേ മന്ത്രി പറഞ്ഞു.
അതേസമയം, കണക്കുകൾ പെരുപ്പിച്ചു പറഞ്ഞും മുൻ സർക്കാരിനെ കുറ്റം പറഞ്ഞും യഥാർഥ വിഷയങ്ങളിൽ നിന്ന് മന്ത്രി ഒളിച്ചോടുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം മന്ത്രി മറുപടി പറയുന്നതിനിടെ ഇറങ്ങിപ്പോയി.
മോദി സർക്കാർ 2014–22 കാലത്ത് 90.9 ലക്ഷം കോടി രൂപയാണ് വികസനത്തിനായി ചെലവിട്ടതെന്ന് മന്ത്രി പറഞ്ഞു. 2004–14 ൽ മുൻ സർക്കാർ 49.2 ലക്ഷം കോടി രൂപയാണ് ചെലവിട്ടത്. 2010 ൽ ഉപഭോക്തൃസൂചിക പ്രകാരമുള്ള പണപ്പെരുപ്പം 10.5% ആയിരുന്നു. ഇപ്പോൾ 6.1% ആണ്. പണപ്പെരുപ്പം 7നു താഴെ പിടിച്ചു നിർത്താൻ സർക്കാരിനു കഴിഞ്ഞു. ബ്രാൻഡഡ് ഇനങ്ങൾക്കു മാത്രമാണ് ജിഎസ്ടി. അവശ്യസാധനങ്ങൾക്ക് ജിഎസ്ടി ചുമത്തിയിട്ടില്ല. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി കുടിശിക ജൂണിലേതു മാത്രമേ കൊടുക്കാനുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളെക്കുറിച്ചു പരാമർശിച്ചില്ലെന്നും പൊങ്ങച്ചം പറച്ചിൽ മാത്രമാണെന്നും കോൺഗ്രസ് ആരോപിച്ചു. കോടിക്കണക്കിനു കുടുംബങ്ങളുടെ ബജറ്റ് കേന്ദ്രസർക്കാർ തകർത്തുവെന്ന് ചർച്ചകൾക്കു നോട്ടിസ് നൽകിയ കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. ഭക്ഷ്യസാധനങ്ങൾക്ക് ഏർപ്പെടുത്തിയ 5% ജിഎസ്ടി പിൻവലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ കേന്ദ്രസർക്കാർ കേരളത്തെ മാതൃകയാക്കണമെന്ന് എ.എം.ആരിഫ് നിർദേശിച്ചു. രാജ്യത്തെ അടുക്കളകൾ ലോക്ഡൗണിലേക്കു പോകുന്ന അവസ്ഥയാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനയാണ് വിലക്കയറ്റത്തിനു മുഖ്യ കാരണമെന്ന് തോമസ് ചാഴികാടൻ ചൂണ്ടിക്കാട്ടി. ഭരണത്തിലെത്തി 8 കൊല്ലം കഴിഞ്ഞിട്ടും മുൻ സർക്കാരിനെ കുറ്റം പറഞ്ഞു നിൽക്കേണ്ടി വരുന്നത് ഗതികേടാണെന്ന് സുപ്രിയ സുളെ (എൻസിപി) പറഞ്ഞു.