ദില്ലി : പെഗാസസ് ചാര സോഫ്റ്റ്‍വെയറിനെ കുറിച്ച് അന്വേഷിച്ച സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. ഈ മാസം 12ന് കേസ് പരിഗണിക്കുമ്പോൾ ഉള്ളടക്കം സുപ്രീം കോടതി വിലയിരുത്തും. ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്.പെഗാസസ് ചാര സോഫ്റ്റ്‍വെയറിനെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ട്, ഇക്കഴിഞ്ഞ മെയ് മാസത്തിൽ നൽകിയിരുന്നു, എന്നാൽ ഈ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ രംഗത്തെത്തി ഇരുന്നു . സമിതിയുടെ ഇടക്കാല റിപ്പോർട്ടിൽ 29 മൊബൈൽ ഫോണുകൾ പരിശോധിച്ചെന്ന വിവരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ മൊഴികൾ സമിതി രേഖപ്പെടുത്തി. സാങ്കേതിക സമിതി അന്വേഷണത്തിനായി ഒരു സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചിരുന്നു. സൈബർ സുരക്ഷാ ചട്ടങ്ങളിലെ മാറ്റം പോലുള്ള വിഷയങ്ങളിലെ ശുപാർശ ജസ്റ്റിസ് രവീന്ദ്രന്‍റെ നേതൃത്വത്തിൽ തയ്യാറാക്കും.