ദില്ലി: ശ്രീലങ്കയുടെ പ്രധാന തുറമുഖമായ ഹമ്പൻതോട്ട തുറമുഖത്തേക്ക് അടുത്തയാഴ്ച എത്തുന്ന ചൈനീസ് ‘ചാരക്കപ്പൽ’ സംബന്ധിച്ച് ആശങ്കയുമായി ഇന്ത്യ. കപ്പലിന്റെ സന്ദർശനത്തെക്കുറിച്ച് ശ്രീലങ്കൻ അധികൃതരുമായി ഇന്ത്യ ചർച്ച നടത്തി. ‘യുവാൻ വാൻ 5’ ക്ലാസ് ട്രാക്കിംഗ് കപ്പലാണ് ശ്രീലങ്കയിൽ എത്തുന്നത്. ’ഗവേഷണ’ കപ്പലാണെന്നാണ് ചൈനയുടെ വാദം.
‘ഗവേഷണ’ കപ്പൽ ഓഗസ്റ്റ് 11ന് ശ്രീലങ്കയിൽ എത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അന്ന് സർക്കാർ വ്യക്തമാക്കി. 1987-ലെ ഉഭയകക്ഷി കരാർ പ്രകാരം, ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ രീതിയിൽ ഒരു രാജ്യത്തിനും സൈനിക ഉപയോഗത്തിനായി ശ്രീലങ്കയിലെ ഒരു തുറമുഖം വിട്ടുകൊടുക്കരുത്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ലങ്കൻ സർക്കാരിനോട് വിഷയം ഉന്നയിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് കപ്പലിന്റെ സന്ദർശനത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഉദ്ദേശ്യത്തെക്കുറിച്ചും സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, ചൈനയുടെ ‘യുവാൻ വാൻ 5’ ക്ലാസ് ട്രാക്കിംഗ് കപ്പലിന്റെ നങ്കൂരമിടലുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സർക്കാർ ചൈനയുമായും ഇന്ത്യയുമായും രമ്യമായ ഒരു പരിഹാര തേടാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ലങ്കൻ മാധ്യമങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. റനിൽ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുമ്പ്, കപ്പലിന് നങ്കൂരമിടാനുള്ള അനുമതി അനുവദിച്ചിരുന്നെന്ന് ശ്രീലങ്കൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്കക്ക് ഇന്ത്യയുടെയും ചൈനയുടെയും സഹായവും സഹകരണവും നിർണായകമാണ്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളെയും പിണക്കാതെ തീരുമാനമെടുക്കേണ്ടി വരും. യുവാൻ വാങ് 5 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ബഹിരാകാശ ട്രാക്കിംഗ്, ഉപഗ്രഹ നിയന്ത്രണം, ഗവേഷണ ട്രാക്കിംഗ് എന്നിവ നടത്തുമെന്നാണ് അഭ്യൂഹം.