തൃശൂര്‍: നിർത്താതെ പെയ്യുന്ന മഴയിൽ ഒറ്റരാത്രി കൊണ്ടു ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു. പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ള ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പറമ്പിക്കുളത്തുനിന്ന് 8000 ഘനയടി ജലം പെരിങ്ങൽക്കുത്തിലേക്കു തുറന്നുവിട്ടു. അതിരപ്പിള്ളി പിള്ളപ്പാറയില്‍ ആന മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി.
ചേറ്റുവയില്‍ കാണാതായ രണ്ടു മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. നാലുപേർ പലസമയങ്ങളിലായി നീന്തി കരയ്ക്കെത്തിയിരുന്നു. ഇവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാലുദിവസം മുൻപ് ചേറ്റുവ ഹാർബറിൽനിന്ന് കടലിൽപ്പോയ ദിയമോൾ എന്ന ഫൈബർ വള്ളമാണ് ചേറ്റുവ അഴിമുഖത്തിനടുത്ത് കടലിൽ അപകടത്തിൽപ്പെട്ടത്. തൊഴിലാളികൾ കന്യാകുമാരി സ്വദേശികളാണ്. രക്ഷാപ്രവർത്തനത്തിനുപോയ തീരദേശ പൊലീസിന്റെ ബോട്ടിന് ശക്തമായ തിരമാലയെത്തുടർന്ന് വള്ളത്തിനടുത്തേക്ക് എത്താനായില്ല.പെരിങ്ങല്‍ക്കുത്ത് ഡാമില്‍നിന്ന് അധികജലം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഇൗ മേഖലയില്‍ ഒഴുക്ക് കൂടുതലാണ്. എന്നാൽ പരിഭ്രാന്തി വേണ്ടെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടർ ഹരിത.വി.കുമാർ പറഞ്ഞു.