കൊച്ചി: എംഎൽഎമാർക്ക് എന്തിനാണ് കെഎസ്ആർടിസി യാത്രാനിരക്കില്‍ ഇളവ് എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മുൻ മുഖ്യമന്ത്രി പികെവി വരെ കെഎസ്ആര്‍ടിസിയിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് സർക്കാർ മറുപടി നല്‍കി. എങ്കിൽ അദ്ദേഹം ഇളവ് വാങ്ങി കാണില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. വിദ്യാർഥികൾ അടക്കമുള്ള അത്യാവശ്യം പേർക്ക് പോരേ യാത്ര ഇളവ് എന്നും കോടതി ചോദിച്ചു. യാത്രാ ഇളവുകളുടെ ഇനത്തിൽ കോടിക്കണക്കിന് രൂപ സർക്കാരിൽ നിന്നും ലഭിക്കാനുണ്ട് എന്ന കെഎസ്ആര്‍ടിസി പരാമര്‍ശത്തിലാണ് കോടതിയുടെ ചോദ്യം.
കെ.എസ്.ആർ ടി.സിയുടെ വരുമാനത്തിന്റെ നിശ്ചിത ഭാഗം ബാങ്ക് ലോണിനായി പോകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ബാങ്ക് ലോണുകളുടെ തിരിച്ചടവ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തേ മതിയാകൂ. വായ്പ തിരിച്ചടവിന് മാസം 30 കോടി വേണം. ഇതാണ് ആശങ്കപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു.
കെഎസ്ആര്‍ടിസിയെ പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് യുണിയനുകളോട് കോടതി നിര്‍ദ്ദേശിച്ചു. യുണിയനുകൾ ഇപ്പോഴും സമരപാതയിൽ ആണെന്ന് സർക്കാർ റിപ്പോർട്ടിൽ കാണുന്നു. കെഎസ്ആര്‍ടിസിയുടെ പ്രവർത്തനം തടസ്സപ്പെടുത്തില്ലെന്ന ഉറപ്പിന്റെ ലംഘനം അല്ലേ ഇത്. ഹൈക്കോടതി വിഷയം പരിഗണിക്കുമ്പോൾ സമരം എന്തിനാണെന്ന് കോടതി ചോദിച്ചു. കെഎസ്ആര്‍ടിസി ഷെഡ്യൂൾ കൂട്ടണം. തുരുമ്പെടുക്കുന്ന ബസ് റോഡിൽ ഇറക്കണം. തൊഴിലാളികൾ സഹകരിക്കണം. സമരം തുടർന്നാൽ ഹർജിയിൽ ഉത്തരവ് പറയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം ഉറപ്പാക്കുന്നതില്‍ സർക്കാർ സാവകാശം തേടി. അഞ്ചാം തീയതി ശമ്പളം നൽകുന്നത് സംബന്ധിച്ച് നടപടികളെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഒരുമാസം കൂടി സാവകാശം വേണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം. കെഎസ്ആര്‍ടിസിയെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കെഎസ്ആര്‍ടിസിയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫ. സുശീൽ ഖന്നയെ നിയോഗിച്ചത്. തൊഴിലാളികളുടെ എതിർപ്പ് മൂലം സുശീൽ ഖന്ന റിപ്പോർട്ടിലെ പല തീരുമാനങ്ങളും നടപ്പിലാക്കാൻ വൈകി. കഴിഞ്ഞ രണ്ട് വർഷമായി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുകയാണ് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.