മൂന്നാര്‍ : കുടുംബ സമ്മേതം ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി ഒടുവിൽ പൊലീസിന്റ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് കണ്ഡമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദ്ദ് [ 31 ] നെയാണ് മൂന്നാർ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെ പിടികൂടിയത്. കഴിഞ്ഞ നവംബർ മാസത്തിലാണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. മൂന്നാറിൽ മൊബൈൽ കച്ചവടം നടത്തുന്ന മൊബൈൽ ബേസ് എന്ന സ്ഥാപനത്തിൽ ആഡംബരക്കാറിലെത്തിയ പ്രതി കുഞ്ഞ് മുഹമ്മദ്, പള്ളിവാസൽ മൂലക്കായിൽ സ്വകാര്യ റിസോർട്ട് 16 കോടി രൂപയ്ക്ക് വാങ്ങാൻ പോകുകയാണെന്ന് സ്വയം പരിചയപ്പെടുത്തി. റിസോട്ടിലെ നിലവിലെ മാനേജറും ഇയാൾക്കൊപ്പമുണ്ടായിരുന്നു. വ്യാപാരിക്ക് പരിചയമുള്ള ആളായിരുന്നു മാനേജർ.
തുടർന്ന് തന്റെ കൈയ്യിലെ രണ്ട് ആപ്പിൾ ഫോണിന് 159000 രൂപ വില പറഞ്ഞ് ഉറപ്പിച്ചു. തുടർന്ന് 129000 രൂപയുടെ സാംസങ്ങ് ഫോൺ കുഞ്ഞ് മുഹമ്മദ്ദ് വാങ്ങി. പക്ഷേ പണം നൽകിയില്ല. പകരം ഫോൺ മുറിയിലുണ്ടെന്നും അത് കൊടുത്തുവിടുമ്പോൾ 30000 രൂപ നൽകണമെന്നും പറഞ്ഞ് അവിടെ നിന്ന് പോയി. അടുത്ത ദിവസം കുഞ്ഞ് മുഹമ്മദ്ദ് എറണാകുളത്താണെന്ന് മാനേജറിനെ വിശ്വസിപ്പിച്ചശേഷം വ്യാപാരിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. ബാക്കിതുകയായ 30000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. വ്യാപാരി പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ പ്രതി മടങ്ങിയെത്തിയില്ല.
റിസോർട്ടുകാർക്ക് പണം നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് കബളിക്കപ്പെട്ട വിഷയം വ്യാപാരിയും റിസോർട്ട് ജീവനക്കാരനും മനസിലായത്. വ്യാപാരി നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സൈബർ സെല്ലിന്റ സഹായത്തോടെയാണ് പ്രതിയെ മലപ്പുറം തലപ്പാറയിലെ അഡംബര റിസോർട്ടിൽ നിന്ന് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടിയത്. മൂന്നാർ സിെ ഐ മനീഷ് കെ പൗലോസും സംഘവുമാണ് ഇയാളെ പിടികൂടിയത്.
കുടുംബ സമ്മേതം ആഡംബര കാറിലെത്തി വലിയ തട്ടിപ്പുകൾ നടത്തി മടങ്ങുകയാണ് പ്രതിയുടെ പതിവുരീതി. മൂന്നാറിന്റ സമീപ പ്രദേശങ്ങളിലും മറ്റ് ജില്ലകളിലും നിരവധി തട്ടിപ്പുകൾ പ്രതി നടത്തിയിട്ടുണ്ട്. പ്രതിയെ കുറിച്ച് കൂടുതൽ പരാതികൾ സ്റ്റേഷനിൽ എത്തിക്കൊണ്ടിരിക്കുന്നതായി പൊലീസ് പറഞ്ഞു. എസ്ഐ ഷാഹുൽ ഹമീദ്, ടോണി ചാക്കോ, ചന്ദ്രൻ കെവി, സീനിയർ സിവിൽ ഓഫീസർ വേണുഗോപാൽ എന്നിവരടക്കുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.