തിരുവനന്തപുരം: സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുമെന്ന് പ്രഖ്യാപിച്ച് കെ പി സി സി. ഇതിന്‍റെ ഭാഗമായി 13 – 8 – 22 ല്‍ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ പി സി സി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു.
കെ പി സി സിയുടെ വാർത്താക്കുറിപ്പ്
വിവിധ ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ കേസുകളും ഏറ്റെടുക്കക എന്ന മഹത്തായ ലക്ഷ്യം കെപിസിസി നടപ്പാക്കും. ഇതിന്‍റെ ഭാഗമായി 13 – 8 – 22 ല്‍ നടക്കുന്ന ലോക് അദാലത്തിന്റെ ഭാഗമായി പിഴയടച്ച് കേസിന്റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റിയെ അടിയന്തരമായി ബന്ധപ്പെടണം. ആശങ്ക വേണ്ട,കൂടെയുണ്ട് കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിയമസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെപിസിസി ലീഗല്‍ എയ്ഡ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ലീഗല്‍ എയ്ഡ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ചന്ദ്രശേഖരന്റെ 9446805388 എന്ന ഫോണ്‍ നമ്പരിരോ [email protected] എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടേണ്ടതാണ്.
രാജ്ഭവന്‍ ഉപരോധവും അറസ്റ്റ് വരിക്കലും മാറ്റിവെച്ചു
അതേസമയം ആഗസ്റ്റ് 5ന് കോൺഗ്രസ് നടത്താനിരുന്ന രാജ്ഭവന്‍ ഉപരോധവും അറസ്റ്റ് വരിക്കലും മാറ്റിവെച്ചതായും കെ പി സി സി അറിയിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്‌നിപഥ് പദ്ധതി, അവശ്യസാധനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ ജി എസ് ടി തുടങ്ങി കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ആഗസ്റ്റ് 5ന് എ ഐ സി സി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കെ പി സി സിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രാജ്ഭവന്‍ ഉപരോധവും ബ്ലോക്ക്, ജില്ലാ ആസ്ഥാന തലത്തില്‍ അന്നേ ദിവസം നടത്താനിരുന്ന അറസ്റ്റ് വരിക്കല്‍ ഉള്‍പ്പെടെ എല്ലാ പ്രതിഷേധ സമരങ്ങളും കേരളത്തിലെ അതിശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും മൂലം മാറ്റിവെച്ചതായാണ് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചത്.