മലപ്പുറം : ഓണം മുന്നിൽ കണ്ട് വ്യാജമദ്യ നിർമാണവും വിൽപ്പനയും തടയാൻ ഓണം സ്പെഷ്യൽ പരിശോധനയുമായി എക്സൈസ് വകുപ്പ്. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ ആലൊടി വനഭൂമിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ എക്‌സൈസ് സംഘം 164 ലിറ്റർ വാഷ് കണ്ടെടുത്തു. നിലമ്പൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സംഭവത്തിൽ കേസെടുത്ത് പ്രതികൾക്കായി അന്വേഷണം തുടങ്ങി. മൂന്നിടങ്ങളിൽ കുഴികളിലായി പ്ലാസ്റ്റിക് ഷീറ്റിലും പ്ലാസ്റ്റിക് കുടങ്ങളിലും അടക്കം ചെയ്ത രീതിയിലായിരുന്നു വാഷ് കണ്ടെത്തിയത്. മദ്യവില വർധിച്ച സാഹചര്യത്തിൽ മേഖലയിൽ വ്യാജമദ്യ നിർമാണം വർധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വനമേഖലകളിലും പുഴയോരങ്ങളിലും എക്സൈസ് പരിശോധന ഊർജിതമാക്കിയിരിക്കുന്നത്.