തെന്മല (കൊല്ലം): പരപ്പാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ 11ന് മൂന്നു ഷട്ടറുകളും തുറക്കും. ഓഗസ്റ്റ് ഒന്നിലെ റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടില്‍ സംഭരിക്കാവുന്ന ജലനിരപ്പ് 106.79 മീറ്ററാണ്. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് അണക്കെട്ടിലെ ജലനിരപ്പ് 109.01 മീറ്ററായിരുന്നു. 115.82 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ അണക്കെട്ടിലേക്കുള്ള ജലമൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഒരു സെക്കൻഡില്‍ 4.13 ലക്ഷം ലീറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൈദ്യുതി ഉൽപാദനം വഴി സെക്കൻഡില്‍ 17,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
വെള്ളിയാഴ്ച ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയാണ് തുറന്ന് തുടങ്ങുക. വൈകിട്ടോടെ അത് 50 സെന്റീമീറ്റര്‍ വരെ ആയി ഉയരും. ഡാം തുറക്കുന്നതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.