തിരുവനന്തപുരം: ചാലക്കുടി പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു. ജലനിരപ്പ് നിയന്ത്രണവിധേയം. പെരിങ്ങൽകുത്തിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതിൽ ആശ്വാസം. തൃശ്ശൂരിൽ 2700 ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇന്ന് പുലർച്ചെ വരെ നദിയിലെ ജലനിരപ്പ് അപകട നിലയിലേക്ക് ഉയർന്നിട്ടില്ല. 7.27 മീറ്റർ ആണ് നിലവിലെ ജലനിരപ്പ്.
ചാലക്കുടിയിലും, ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതും, കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും ആണ് ജലനിരപ്പ് ഉയരാതിരിക്കാൻ കാരണം. എറണാകുളം ജില്ലയിൽ മഴ കുറഞ്ഞിട്ടുണ്ട്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. പുത്തൻവേലിക്കര, കുന്നുകര ഭാഗത്ത് ഏതാനും ആളുകളെ മാറ്റിപ്പാർപ്പിച്ചു. പെരിയാറിൽ ജലനിരപ്പ് കൂടുന്നുണ്ടെങ്കിലും വലിയ ആശങ്കയ്ക്കുള്ള സാഹചര്യമില്ല.
ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.75 അടിക്ക് മുകളിലെത്തി. ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും. പെരിയാർ നദിയിൽ ജലനിരപ്പ് അപകടവസ്‌ഥയിലേക്ക് എത്താത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. എന്നാൽ തൊടുപുഴയിൽ മഴ കുറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വണ്ണപ്പുറത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കല്ലാർകുട്ടിക്കും പനം കുട്ടിക്കും ഇടയിൽ റോഡ് ഇടിഞ്ഞതിനാൽ ഗതാഗതം പൂർണമായും നിരോധിച്ചു. മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകടനിലയിൽ തുടരുകയാണ്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശ്ശൂർ, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധിയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട് താലൂക്കുകളിലും കാസർകോട് ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലും അവധിയായിരിക്കും. പ്രൊഫഷണൽ കോളജുകൾക്കും അങ്കണവാടികൾക്കും അടക്കം അവധി ബാധകമാണ്. എംജി സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം മാറ്റി.