തൊടുപുഴ: ചെറുതോണി അണക്കെട്ട് ഉൾപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ ഓറഞ്ച് അലർട്ട്. ജലനിരപ്പ് 2381.54 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്.നിലവിലെ റൂൾ കർവ് പ്രകാരം ഇടുക്കിയുടെ സംഭരണ ശേഷി 2382.53 അടിയാണ്. 2382.53 അടിയിലേക്ക് ജലനിരപ്പ് എത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ഇതിന് രണ്ട് ദിവസം വേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
ഇടുക്കി അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ജലനിരപ്പ് 2375.53 അടിയിലേക്ക് ഉയർന്ന കഴിഞ്ഞ ദിവസം ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരുന്നു. നിലവിൽ 1101.67 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 75.48 ശതമാനം വരുമിത്. 1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി.മൂന്നു മണിക്കൂറിനുള്ളിൽ കൂടിയ നീരൊഴുക്ക് 5.838 ഘനയടിയും കുറഞ്ഞ നീരൊഴുക്ക് 4.303 ഘനയടിയും രേഖപ്പെടുത്തി.