എറണാകുളം: തുടർച്ചയായ കടൽക്ഷോഭത്തിൽ തകർന്ന കൊച്ചി ചെല്ലാനത്തിന് ഈ കാലവർഷം ആശ്വാസകാലം. തീരത്തോട് ചേർന്നുള്ള ഏഴ് കിലോമീറ്റർ ദൂരത്തിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള 344 കോടി രൂപയുടെ തീരസംരക്ഷണ നിർമ്മാണം അതിവേഗമാണ് നടക്കുന്നത്. കണ്ണമാലി പ്രദേശം കൂടി ഉൾപ്പെടുത്തി രണ്ടാംഘട്ട പദ്ധതി ഉടൻ തുടങ്ങണമെന്നാണ് തീരസംരക്ഷണ സമിതിയുടെ ആവശ്യം.
കഴിഞ്ഞ കടൽക്ഷോഭത്തിൽ വീട് പാതി അടർന്ന് പോയ റാണിയുടെ വാക്കുകളില്‍ ഇപ്പോള്‍ നിറയുന്നത് ആശ്വാസം. ഹാർബർ മുതൽ കമ്പനിപ്പടി, ബസാർ,മറുവക്കാട്,വേളാങ്കണി മുതൽ പുത്തൻതോട് വരെയുള്ളവര്‍ക്ക് സമാധാനമാണ്. വർഷങ്ങൾക്ക് ശേഷമാണ് ഒരു കാലവർഷത്തിൽ ഇവരിങ്ങനെ മനസമാധാനത്തോടെ ഇരിക്കുന്നത്.
ഹാർബർ മുതൽ പുത്തൻതോട് വരെ ഏഴ് കിലോമീറ്റർ ദൂരത്തിലാണ് ടെട്രോപോഡ് നിർമ്മാണം നടക്കുന്നത്.നിലവിൽ 40ശതമാനം നിർമ്മാണം കഴിഞ്ഞു.സമുദ്രനിരപ്പിൽ നിന്ന് 6.1 മീറ്റർ ഉയരത്തിലാണ് തിരയെ തടുക്കാനുള്ള നിര്‍മ്മാണം.
പദ്ധതിയുടെ തുടക്കം നന്നായെന്നാണ് പരക്കെ അഭിപ്രായമുയരുന്നത്. ഇതേ വേഗതയിൽ പദ്ധതിയുടെ രണ്ടാംഘട്ടം കൂടി നടപ്പിലാക്കണമെന്നാണ് കൊച്ചിയുടെ തീരദേശം പറയുന്നത്.