തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (ഓഗസ്റ്റ് ) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം കർണാടക തീരങ്ങളിൽ ഇന്ന് മുതൽ ഈ മാസം 10 വരെ (ഓഗസ്റ്റ് 10) മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 10 വരെ, മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഉയർന്ന തിരമാല, ജാഗ്രതാ നിർദ്ദേശം
അതേസമയം കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) നാളെ (ഓഗസ്റ്റ് 7) രാത്രി പതിനൊന്നര വരെ 3.5 മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുന്നറിയിപ്പുകൾ ഇങ്ങനെ…
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
3. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
ഇടുക്കി അണക്കെട്ട് നാളെ തുറക്കും. കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് അപ്പർ റൂൾ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തിൽ ആണ് തീരുമാനം. രാവിലെ പത്തു മണിക്ക് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 50 ക്യുമെക്സ് വെള്ളം ആയിരിക്കും തുറന്നു വിടുക. അതേസമയം ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളത്ത് മുന്നൊരുക്കങ്ങൾക്ക് നിർദേശം നൽകിയെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. ഇപ്പോൾ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞു.