തിരുവനന്തപുരം: ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷത്തിനകം 30 വയസിന് മുകളിലുള്ള എല്ലാവരുടേയും ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. ഈ കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ പോയി കണ്ട് സ്‌ക്രീനിഗ് നടത്തി രോഗസാധ്യത കണ്ടെത്തുന്നു.
ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നു. ഈ പദ്ധതിയ്ക്ക് വന്‍ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകുന്നത്. ഇത് പൂര്‍ത്തിയാക്കിയ ശേഷം മറ്റ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. ആദ്യഘട്ടമായി ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകള്‍ സമ്പൂര്‍ണ സ്‌ക്രീനിംഗ് നടത്തി. സ്‌ക്രീനിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും പഞ്ചായത്തുകളേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
പദ്ധതി ആരംഭിച്ച് 5 ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാന വ്യാപകമായി 7 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. ആകെ 7,26,633 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 20.93 ശതമാനം പേര്‍ (1,52,080) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 11.41 ശതമാനം പേര്‍ക്ക് (82,943) രക്താതിമര്‍ദ്ദവും, 8.9 ശതമാനം പേര്‍ക്ക് (64,564) പ്രമേഹവും, 4.09 ശതമാനം പേര്‍ക്ക് (29,696) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 8982 പേരെ ക്ഷയരോഗത്തിനും 8614 പേരെ ഗര്‍ഭാശയ കാന്‍സറിനും 47,549 പേരെ സ്തനാര്‍ബുദത്തിനും 3006 പേരെ വദനാര്‍ബുദത്തിനും സാധ്യതയുള്ളതായി കണ്ടെത്തി സ്ഥിരീകരണത്തിനായി റഫര്‍ ചെയ്തിട്ടുണ്ട്.
ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ ചെറുപ്പത്തില്‍ തന്നെ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതാണ് ഈ സ്‌ക്രീനിംഗ്. ജീവിതശൈലിയില്‍ മാറ്റം വരുത്തി വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാവുന്നതാണ്. സ്‌ക്രീനിംഗില്‍ കണ്ടെത്തിയ റിസ്‌ക് ഗ്രൂപ്പില്‍പ്പെട്ടവരെയും റഫര്‍ ചെയ്ത രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധന കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ഉറപ്പ് വരുത്തും. ഇതിലൂടെ ജീവിതശൈലീ രോഗം വരാന്‍ സാധ്യതയുള്ളവരെ കണ്ടെത്തി നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനാകാനാകും. ജീവിതശൈലീ രോഗങ്ങളും ക്യാന്‍സറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീണമാകാതെ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു. വലിയൊരു ജനവിഭാഗത്തെ ഇത്തരം രോഗങ്ങളില്‍ നിന്നും മുക്തരാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.