കോഴിക്കോട്: വടകരയിൽ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചയുടൻ കുഴഞ്ഞ് വീണ് സജീവൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സജീവന് ഹൃദയാഘാതം ഉണ്ടാകുന്നതിലേക്ക് നയിച്ചത് പൊലീസിന്റെ കസ്റ്റഡിയിലുണ്ടായ മർദ്ദനമെന്ന് കണ്ടെത്തൽ. മനഃപൂർവമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസ് എടുത്തു.
സബ് ഇൻസ്‌പെക്ടർ നിജീഷ് , സിപി ഒ പ്രജീഷ് എന്നിവർക്കെതിരെയാണ് കേസ്. ഇരുവരും ഒളിവിലാണെന്നാണ് വിവരം. സജീവന്റേത് അസ്വാഭാവിക മരണമായാണ് നേരത്തെ കേസെടുത്തിരുന്നത്. സജീവന്റെ മരണ കാരണം ഹൃദയാഘാതം തന്നെയാണ്. എന്നാൽ ഇതിലേക്ക് നയിച്ചത് ശരീരത്തിലുണ്ടായിരുന്ന പരിക്കുകളാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സജീവന്റെ ശരീരത്തിൽ 11 ഇടത്ത് പരിക്കുകൾ കണ്ടെത്തിയതാണ് പോസ്റ്റ്മോർട്ടത്തിൽ നിർണായകമായത്. സജീവനെ ശാരീരികവും മാനസികവുമായ പീഡനത്തിന് പൊലീസ് സംഘം ഇരയാക്കിയെന്നാണ് ക്രൈം ബ്രാഞ്ച് എഫ് ഐ ആറിൽ പറയുന്നത്. സജീവന്റെ ശരീരത്തിലേറ്റ മുറിവുകൾ മർദ്ദനത്തെ തുടർന്നുള്ളതാണെന്ന് വ്യക്തമായെന്നും അന്വേഷണ സംഘം പറഞ്ഞു.