കോഴിക്കോട്: സംസ്ഥാനത്തെ ഏറ്റവും വലിയ വിമാന അപകടമായ കരിപ്പൂര്‍ ദുരന്തത്തിന് ഇന്ന് രണ്ടാം വര്‍ഷികം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 190 പേരുമായി ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അന്നത്തെ നടുക്കുന്ന അനുഭവങ്ങളുടെ ഓർമ രക്ഷപ്പെട്ടവരുടേയും രക്ഷാ പ്രവത്തകരുടേയും മനസിലിപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട്.
കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരിലൊരാളാണ് കോഴിക്കോട് പടനിലം സ്വദേശി അമീന. അപകടത്തില്‍ ഭര്‍ത്താവ് ഷറഫുദ്ദീന് ജീവന്‍ നഷ്ടപ്പെട്ടു.മകള്‍ക്കും അമീനക്കും ഗുരുതരമായി പരിക്കേറ്റു. ഇപ്പോഴും ചികിത്സ തുടരുന്ന അമീനക്ക് കരിപ്പൂര്‍ വിമാനാപകടം ജീവിതത്തില്‍ എന്നും നടുക്കുന്ന ഓര്‍മ്മയാണ്
അതേസമയം കരിപ്പൂര്‍ വിമാന അപകടത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോഴും അര്‍ഹമായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന പരാതിയിലാണ് പരിക്കേറ്റവരും മരിച്ചവരുടെ ആശ്രിതരും.നാമ മാത്രമായ തുകയാണ് നഷ്ടപരിഹാരം കിട്ടിയതെന്നാണ് ഇവരുടെ പരാതി. മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ പ്രകാരമുള്ള നഷ്ടപരിഹാരത്തുക കിട്ടണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണിവര്‍.വിമാനാപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും മരിക്കുന്നവരുടെ ആശ്രിതര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുന്നതാണ് മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ പ്രഖ്യാപനം. ഇന്ത്യ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. മോണ്‍ട്രിയാല്‍ കണ്‍വെന്‍ഷന്‍ തീരുമാന പ്രകാരം നഷ്ടപരിഹാരത്തുക നിശ്ചിയിച്ചിട്ടുണ്ട്. ഇതു പ്രകാരം അപകടത്തില്‍പ്പെടുന്നവര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കും നിലവില്‍ ഒരു കോടി മുപ്പത്തിനാല് ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ട്.
പരിക്ക്,വയസ്സ്,വരുമാനം, അംഗവൈകല്യം തുടങ്ങിയവ പരിഗണിച്ചാണ് നിലവില്‍ നഷ്ടപരിഹാരത്തുക നല്‍കിയിരിക്കുന്നത്.അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പലരും ഇപ്പോള്‍ നിത്യ വൃത്തിക്ക് ബുദ്ധിമുട്ടുന്നുണ്ട്. പരിക്കേറ്റവരില്‍ മിക്കവരും ചികിത്സ തുടരുന്നവരുമാണ്. അതിനാല്‍ നിലവില്‍ കിട്ടിയ നഷ്ടപരിഹാര തുക അപര്യാപ്തമാണെന്നാണ് ഇവരുടെ പരാതി.158 പേര്‍ എയര്‍ ഇന്ത്യയില്‍ നിന്ന് നഷ്ടപരിഹാരം സ്വീകരിച്ചതായാണ് കണക്ക്.രണ്ട് പേര്‍ക്ക് സഹായം കിട്ടിയിട്ടില്ല.അതിനിടെ കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തകരായ കൊണ്ടോട്ടിയിലെ നാട്ടുകാര്‍ക്ക് രക്ഷപ്പെട്ടവരുടെ സ്നേഹോപഹാരം.വിമാനത്താവളത്തിന് സമീപമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കാനുള്ള തുകയുടെ ധാരണാപത്രം ഇന്ന് കൈമാറും.മലബാര്‍ ഡവലപ്പ്മെന്റ് ഫോറം വിമാനാപകട ചാരിറ്റി ഫൗണ്ടേഷനാണ് കെട്ടിടം നിര്‍മ്മിക്കുക. നഷ്ടപരിഹാരത്തില്‍ നിന്നാണ് ആശുപത്രിക്കെട്ടിടം നിര്‍മ്മിക്കാനുള്ള തുക രക്ഷപ്പെട്ടവര്‍ കണ്ടെത്തിയത്