ദുബായ്: വാർഷിക അവധിക്ക് നാട്ടിലെത്തിയ പ്രവാസികൾ മടക്കയാത്രയ്ക്കു ബുക്കിങ് തുടങ്ങിയതോടെ ഗൾഫ് സെക്ടറിലേക്ക് നിരക്കിൽ വൻവർധന. ദുബായിലേക്ക് 14 മുതൽ ഒരാൾക്കു 1500 ദിർഹം (32,250 രൂപ) വരെയാണു നിരക്ക്. 20ാം തീയതിക്കു ശേഷം 2000 ദിർഹത്തിലെത്തുന്ന വിമാനക്കൂലി 30,31 തീയതികളിൽ 2000 ദിർഹത്തിനും (43,000 രൂപ) മുകളിലാണ്. സെപ്റ്റംബർ 30 വരെ ഇതാണ് സ്ഥിതി. ഓണത്തിനു നാട്ടിൽ പോകുന്നവരുടെ തിരക്കുമൂലം സെപ്റ്റംബർ ആദ്യവാരം ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കും വർധിച്ചു.
കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി സെക്ടറുകളിൽ കുറഞ്ഞ ടിക്കറ്റുകൾ ഇപ്പോൾതന്നെ ലഭ്യമല്ല. ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിച്ചപ്പോൾ യുഎഇയിൽ നിന്നു കേരളത്തിലേക്ക് കോവിഡ് കാലത്ത് പരീക്ഷിച്ചതുപോലെ ചാർട്ടേഡ് വിമാന സർവീസ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പലരും. എന്നാൽ യുഎഇ – ഇന്ത്യ സെക്ടറിൽ ചാർട്ടേഡ് വിമാനങ്ങൾ വിട്ടു നൽകുന്നതിനു പല കമ്പനികൾക്കും നിയന്ത്രണങ്ങളുണ്ട്.