തിരുവനന്തപുരം : ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജിൽ വിളിച്ചുവരുത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ സ്വദേശി വിനീതി(25)നെയാണു കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്
ടിക് ടോക് വിഡിയോ ചെയ്യുന്ന വിനീതിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഒട്ടേറെപ്പേർ പിന്തുടരുന്നുണ്ട്. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ട് വഴിയാണു കൊല്ലം സ്വദേശിനിയുമായി സൗഹൃദം സ്ഥാപിച്ചത്. ടിക് ടോക് ചെയ്തു വൈറലാക്കുന്നതിന്റെ ടിപ്സുകൾ നൽകാമെന്നു പറഞ്ഞായിരുന്നു ചാറ്റുകളുടെ തുടക്കം.
പിന്നീട് വിഡിയോ കോൾ ചെയ്യുകയും പെൺകുട്ടി അറിയാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഇവ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി തമ്പാനൂരിലെ ലോഡ്ജിലേക്കു വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണു പരാതി. ഒട്ടേറെത്തവണ പെൺകുട്ടിയുമായി ഇയാൾ ചാറ്റ് ചെയ്തതിന്റെ തെളിവുകൾ പ്രതിയുടെ ഫോണിൽനിന്നു പൊലീസ് കണ്ടെടുത്തു.