കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയ നടപടിക്കെതിരെ നിയമപ്രശ്നം ഉന്നയിച്ചു പ്രോസിക്യൂഷനും അതിജീവിതയും ഹർജി നൽകി.
അതിജീവിതയുടെ ഹർജി പ്രകാരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നു ഹൈക്കോടതി ഉത്തരവിലൂടെ വനിതാ ജഡ്ജിയുള്ള അഡീ.സെഷൻസ് കോടതിയിലേക്കു മാറ്റിയ കേസ് പുതിയ സാഹചര്യത്തിൽ തിരികെ അതേ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു കൊണ്ടുവരാൻ കഴിയില്ലെന്നാണു പ്രോസിക്യൂഷൻ വാദം. ഇതേ വാദം ഉന്നയിച്ചാണ് അതിജീവിതയും ഇന്നലെ പ്രോസിക്യൂഷനോടൊപ്പം വിചാരണക്കോടതിയിൽ ഹർജി നൽകിയത്.
കേസിന്റെ തുടർവിചാരണയിൽ നിന്നു ഹണി എം.വർഗീസിനെ മാറ്റി നിർത്താൻ വേണ്ടിയാണു പ്രോസിക്യൂഷനും അതിജീവിതയും കേസ് വീണ്ടും പരിഗണിച്ചപ്പോൾ ഇന്നലെ ഈ നിയമപ്രശ്നം ഉയർത്തിയത്. ഹർജിയിൽ പ്രതിഭാഗത്തിനു പറയാനുള്ള കാര്യങ്ങൾ കൂടി കേൾക്കാനായി കേസ് 11 ലേക്കു മാറ്റി. ഹൈക്കോടതിയുടെ പുതിയ ഉത്തരവില്ലാതെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു വിചാരണ മാറ്റാൻ നിയമപരമായി കഴിയില്ലെന്നാണു പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും വാദം. തുടരന്വേഷണത്തിനു ശേഷം അനുബന്ധ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ തുടർ സാക്ഷി വിസ്താരം തുടങ്ങും മുൻപ് വ്യക്തത വരുത്തണമെന്നു സ്പെഷൽ പ്രോസിക്യൂട്ടറും കോടതിയോട് ആവശ്യപ്പെട്ടു.