കോഴിക്കോട്: പന്തിരിക്കര സ്വദേശി ഇർഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ദുബായിലുള്ള മുഖ്യപ്രതികളായ കൈതപ്പൊയിൽ ചീനിപ്പറമ്പിൽ മുഹമ്മദ് സ്വാലിഹ് (നാസർ), സഹോദരൻ ചീനിപ്പറമ്പിൽ ഷംനാദ് എന്നിവർക്കെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് നീക്കം തുടങ്ങി. ഇന്റർപോളാണ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുക. ആദ്യഘട്ടമായി പൊലീസ് ഇരുവർക്കുമെതിരെ തിരച്ചിൽ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ശേഷം റെഡ് കോർണർ നോട്ടിസിനുള്ള പൊലീസിന്റെ അഭ്യർഥന കേന്ദ്ര ആഭ്യന്തരവകുപ്പിനു കൈമാറും.
ഇന്റർപോളിന്റെ ഇന്ത്യയിലെ നോഡൽ ഏജൻസിയായ സിബിഐയാണു ‘റെഡ് കോർണർ’ തിരച്ചിൽ നോട്ടിസ് ഇറക്കാൻ ശുപാർശ നൽകേണ്ടത്. ഈ ശുപാർശ ഇന്റർപോളിന്റെ ജനറൽ സെക്രട്ടേറിയറ്റ് നിയോഗിക്കുന്ന പ്രത്യേക ദൗത്യ സമിതി പരിശോധിച്ച ശേഷമാണു നോട്ടിസ് പുറപ്പെടുവിക്കുന്നത്.
സ്വാലിഹും സഹോദരൻ ഷംനാദും ചേർന്നാണ് സ്വർണക്കടത്തും തുടർന്നുള്ള തട്ടിക്കൊണ്ടുപോകലും ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു. ഇർഷാദിന്റെ കയ്യിൽ കൊടുത്തയച്ച സ്വർണം ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതോടെ സ്വാലിഹ് ദുബായിൽ നിന്നു നാട്ടിലെത്തി. ഇർഷാദിനെ തട്ടിക്കൊണ്ടുപോയതു സ്വാലിഹിന്റെ നേതൃത്വത്തിലാണ്. ദുബായിൽ തുടർന്ന ഷംനാദും ഫോണിലൂടെ ഇതിന്റെ ആസൂത്രണത്തിൽ പങ്കെടുത്തെന്നു പൊലീസ് പറയുന്നു. ജൂലൈ നാലിനാണ് വയനാട്ടിൽ വച്ച് സ്വാലിഹിന്റെ നേതൃത്വത്തിലുള്ള സംഘം ഇർഷാദിനെ തട്ടിക്കൊണ്ടുപോകുന്നത്. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോ കുടുബാംഗങ്ങൾക്ക് അയച്ചുകൊടുത്തതും ഭീഷണി സന്ദേശമയച്ചതും സ്വാലിഹാണ്. 15ന് പുറക്കാട്ടിരി പാലത്തിനു സമീപത്തു വച്ച് ഇർഷാദിനെ പുഴയിൽ കാണാതായി.
17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് മൃതദേഹം കിട്ടി. 19ന് ഡൽഹി വിമാനത്താവളം വഴി സ്വാലിഹ് ദുബായിലേക്കു കടന്നു. തിക്കോടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണ് എന്നു പൊലീസ് സ്ഥിരീകരിച്ച ശേഷവും സ്വാലിഹ് വിളിച്ചു സ്വർണം തിരികെ ആവശ്യപ്പെട്ടിരുന്നെന്നു പിതാവ് പറയുന്നു.