കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ മരം കടപുഴകി വീണ് അപകടം ഒഴിവായി. ശനിയാഴ്ച വൈകുന്നേരം ആറിനും ഏഴിനുമിടയിലാണ് വൻമരം മഴയിൽ കടപുഴകി വീണത്. മുൻപ് മരങ്ങൾ കടപുഴകി വീണ സ്ഥലത്തിന് സമീപത്താണ് മരം വീണത്. മന്ത്രി എ.കെ. ശശീന്ദ്രൻ്റെ വാഹനം കടന്നു പോയ ഉടനെയായിരുന്നു മരം വീണത്. മന്ത്രിയുടെ അകമ്പടി വാഹനം കടന്നു പോകാനായില്ല.
തുടർന്ന് കൽപ്പറ്റയിൽ നിന്നും ഫയർ ആൻ്റ് റെസ്ക്യു ഫോഴ്‌സും ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും എത്തി ഏറെ നേരം പ്രയാസപ്പെട്ടാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. മരം കടപുഴകി വീഴുമ്പോൾ വാഹനങ്ങളൊന്നും ആ സമയം റോഡിലില്ലാതിരുന്നതാണ് വൻ അപകടം ഒഴിവാക്കിയത്. മുഴുവൻ സമയവും ബംഗളുരു, മൈസുരു, ഊട്ടി തുടങ്ങിയ ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ സഞ്ചരിക്കുന്ന ചുരത്തിലാണ് വന്മരം കടപുഴകി വീഴുന്നത്.
സന്ധ്യയോടെ ഒൻപതാം വളവിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചും ഏറെ നേരം ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് കാർ അപകടത്തിൽപ്പെട്ടു ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ശക്തമാകുകയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം പറയുന്നത്. ഇന്ന് മുതലുള്ള ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചന. വടക്കൻ കേരളത്തിലാകും മഴ ശക്തി പ്രാപിക്കുക. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമായി തുടരാനുള്ള പ്രധാന കാരണം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായാണ് ന്യുന മർദ്ദം രൂപപ്പെട്ടത്.
24 മണിക്കൂറിനുള്ളിൽ ന്യൂന മർദം ശക്തിപ്പെട്ടേക്കും. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിനാലും മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്‍റെയും സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.