ശാസ്താംകോട്ട (കൊല്ലം) : പട്ടികജാതിക്കാരനായ മുൻ മണ്ഡലം സെക്രട്ടറിയുടെ ഓഫിസ് കാബിനും കസേരയും പുതിയ സെക്രട്ടറി ചുമതലയേൽക്കുന്നതിനു മുൻപു കഴുകിയെന്ന ആരോപണത്തെച്ചൊല്ലി സിപിഐയിൽ കലഹം. സിപിഐ കുന്നത്തൂർ മണ്ഡലം കമ്മിറ്റി ഓഫിസായ ഭരണിക്കാവിലെ പി.ആർ.ഭവനിൽ ജാതി അധിക്ഷേപം നടന്നെന്ന പരാതി സംസ്ഥാന നേതൃത്വത്തിനു മുന്നിലുമെത്തി.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫംഗങ്ങളെ നിശ്ചയിച്ചപ്പോഴാണു സംഭവമെങ്കിലും വിവാദമായത് ഇപ്പോൾ പാർട്ടി സമ്മേളനത്തിലാണ്. ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ പഴ്സനൽ സ്റ്റാഫിൽ മണ്ഡലം സെക്രട്ടറിയെ നിയമിച്ചതോടെ ജില്ലാ എക്സിക്യൂട്ടീവിലെ മുതിർന്ന അംഗത്തിനു മണ്ഡലം സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ഇദ്ദേഹം ചുമതലയേറ്റെടുക്കുംമുൻപു കസേരയും കാബിനും കഴുകിയെന്നാണ് ആരോപണം. ഓഫിസിന്റെ താക്കോൽ വാങ്ങാതെ പൂട്ടു പൊളിച്ചു കതകു തുറക്കുകയായിരുന്നെന്നും പറയുന്നു. എന്നാൽ, കോവിഡിനെ തുടർന്നു മാസങ്ങളായി അടച്ചിട്ടിരുന്ന ഓഫിസ് കെട്ടിടം ശുചീകരിച്ചതാണെന്നു പുതുതായി ചുമതലയേറ്റ മണ്ഡലം സെക്രട്ടറി സി.ജി.ഗോപുകൃഷ്ണൻ പറഞ്ഞു.