ദില്ലി: ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാരുടെ നിസഹകരണത്തിനിടെ നീതി ആയോഗ് യോഗം ദില്ലിയില്‍ തുടരുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ് . ഗവര്‍ണ്ണര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ സാമ്പത്തിക സാഹചര്യം. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍, കൊവിഡ്, മങ്കിപോക്സ് വ്യാപനത്തിനിടയിലെ ആരോഗ്യമേഖല തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ച. കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും, ബിജെപിയോടുള്ള ഭിന്നതയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗം ബഹിഷ്ക്കരിച്ചു.
ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് നിതീഷ് കുമാർ വിട്ടുനിൽക്കുന്നത്. യോഗത്തിൽ ബിഹാറിൽ നിന്നുള്ള പ്രതിനിധിയും പങ്കെടുക്കില്ല. അതേസമയം, നിതീഷ് കുമാർ തിങ്കളാഴ്ച ജനതാ ദർബാർ യോഗത്തിൽ പങ്കെടുക്കും. ഘടകകക്ഷി നേതാക്കളുമായി അന്നേദിവസം നിതീഷ് കുമാർ ചർച്ച നടത്തും. അനാരോഗ്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ മാറ്റിവെച്ച യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി മോദി നൽകിയ അത്താഴവിരുന്നിൽ നിന്നും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്ഥാനാരോഹണത്തിൽ നിന്നും നിതീഷ് കുമാർ വിട്ടുനിന്നിരുന്നു. സംസ്ഥാന വികസന റാങ്കിംഗിൽ ബിഹാറിനെ ഏറ്റവും താഴെയാക്കിയതിൽ നിതി ആയോഗിനോട് നിതീഷ് കുമാറിന് വിയോജിപ്പുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും നിതീഷ് കുമാർ പങ്കെടുത്തില്ല. പകരം പ്രതിനിധിയെ അയക്കുകയായിരുന്നു. ബിജെപിയുമായി നിതീഷ് കുമാറിന്റെ ബന്ധം സുഗമമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഗ്നിപഥ് പദ്ധതി, ജാതി സെൻസസ്, ബിജെപിയുടെ ബിഹാർ നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹയുമായുള്ള വിയോജിപ്പ് തുടങ്ങിയ കാരണങ്ങളാണ് ബിജെപിയുമായി അകലാനുള്ള പ്രധാന കാരണമെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.