മനാമ: ബഹ്റൈനില്‍ ഇപ്പോള്‍ നിലവിലുള്ള രണ്ട് മാസത്തെ ഉച്ചവിശ്രമ നിയമം പെട്രോളിയം, ഗ്യാസ് മേഖലകളില്‍ ബാധകമല്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒപ്പം അടിയന്തര സ്വഭാവത്തിലുള്ള അറ്റകുറ്റപ്പണികളെയും ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഹ്റൈനില്‍ ജൂലൈ ആദ്യത്തില്‍ ആരംഭിച്ച ഉച്ചവിശ്രമ നിയമം ഓഗസ്റ്റ് അവസാനം വരെ നീണ്ടുനില്‍ക്കും.
കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണെന്ന് ഇന്‍സ്‍പെക്ഷന്‍ ആന്റ് പ്രൊഫഷണല്‍ സേഫ്റ്റി ഡയറക്ടര്‍ മുസ്‍തഫ അല്‍ ശൈഖ് പറഞ്ഞു. രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കിയ ശേഷം, സൂര്യാഘാതം കാരണമായുണ്ടാകുന്ന പരിക്കുകളുടെയും മറ്റ് പ്രശ്നങ്ങളുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ മനുഷ്യവിഭവശേഷി സംരക്ഷിക്കുന്നതിന് വഴിതെളിച്ചതായും അദ്ദേഹം പറഞ്ഞു. തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമത്തിന്റെ ലംഘനം കണ്ടെത്തിയാല്‍ തൊഴിലുടമയെയോ അല്ലെങ്കില്‍ തൊഴിലുടമയുടെ പ്രതിനിധിയെയോ വിളിച്ചുവരുത്തി അവരുടെ മൊഴി രേഖപ്പെടുത്തും. ശേഷം തുടര്‍ നടപടികള്‍ക്കായി കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.